തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ തെരുവുനായ്‌ക്കളുടെയും വളർത്തുനായ്‌ക്കളുടെയും കണക്കെടുപ്പ് നടത്താനും തെരുവ് നായ്ക്കളെ വന്ധ്യംകരിക്കാനുമുള്ള നഗരസഭയുടെ ഉദ്യമം പാളി.
ആരംഭ ശൂരത്വം മാത്രമെന്ന് ജനങ്ങളുടെ ആക്ഷേപം. നഗരത്തിലെ തെരുവ് നായ്‌ക്കളുടെ എണ്ണം തിട്ടപ്പെടുത്തി വന്ധ്യംകരിക്കാനുള്ള നഗരസഭയുടെ പദ്ധതിയാണ് ഒരു വർഷമായിട്ടും ഏങ്ങുമെത്താത്തത്. ഇതോടെ നായ‌്ക്കളെ തിരിച്ചറിയുന്നതിനായി വാങ്ങിയ പത്ത് ലക്ഷത്തിലധികം വിലവരുന്ന ഇലക്ട്രോണിക് ചിപ്പുകൾ നഗരസഭയിലിരുന്ന് നശിക്കുകയാണ്. പദ്ധതിക്കായി അനുവദിച്ച തുക നഗരസഭ പാർപ്പിട പദ്ധതികൾക്കടക്കം വഴിമാറ്റി ചെലവഴിച്ചതോടെയാണ് ചിപ്പുകൾ അനാഥമായത്. ഈ വർഷത്തെ പദ്ധതികളിൽ തെരുവുനായ്‌ക്കളുടെ വന്ധ്യംകരണത്തിനായി 25 ലക്ഷം നീക്കിവച്ചിട്ടുണ്ടെങ്കിലും ചിപ്പുകളെക്കുറിച്ച് ആരും മിണ്ടുന്നില്ല.
റേഡിയോ ഫ്രീക്വൻസി ഐഡന്റിറ്റി
റേഡിയോ ഫ്രീക്വൻസി ഐഡന്റിറ്റി എന്ന ഈ ചിപ്പിൽ നായുടെ ചിത്രവും ഉടമയുടെ പേരും മേൽവിലാസവുമുണ്ടാകും. ഇതോടെ ഓരോ പ്രദേശത്തുള്ള നായ്‌ക്കളെയും വേർതിരിച്ച് അറിയാനാകുമെന്നാണ് അധികൃതർ പറഞ്ഞത്. വളരെ ചെറിയ ആകൃതിയിലുള്ള ഈ ചിപ്പ് നായുടെ കഴുത്തിൽ ശസ്ത്രക്രിയയിലൂടെയാണ് ഘടിപ്പിക്കുന്നത്.
ചിപ്പിന്റെ വില:150 രൂപ
2017
1.തെരുവുനായ്‌ക്കളുടെയും വളർത്തുനായ്‌ക്കളുടെയും കണക്കെടുത്ത് ലൈസൻസ് നൽകാൻ നഗരസഭ പദ്ധതി തയ്യാറാക്കി
2.തെരുവുനായ്‌ക്കളെ വന്ധ്യംകരിച്ച് ശരീരത്തിൽ ചിപ്പുകൾ ഘടിപ്പിക്കാൻ തീരുമാനിച്ചു
3.തെരുവുനായ്‌ക്കൾക്കുള്ള 9000 ചിപ്പുകളടക്കം 35,000 ചിപ്പുകൾ വാങ്ങാൻ പദ്ധതി
4. 2.96 കോടിയാണ് ഇതിനായി നഗരസഭ അനുവദിച്ചത്
5. സംസ്ഥാന സർക്കാരിന്റെ എ.ബി.സി പദ്ധതിയിൽ നിന്ന് 75 ലക്ഷം അനുവദിച്ചു
6. പദ്ധതിക്കായി വിവിധ ഫണ്ടുകളിൽ നിന്ന് നഗരസഭ പണം അനുവദിച്ചു
2019
നായ്‌ക്കളുടെ എണ്ണം തിട്ടപ്പെടുത്തുന്നത് നിന്നു.
ഇതോടെ പദ്ധതിയും നിറുത്തേണ്ടി വന്നു.
പത്ത് ലക്ഷം വിലവരുന്ന ചിപ്പ് നഗരസഭയിൽ പൊടിപിടിച്ചു.
പരീക്ഷണാടിസ്ഥാനത്തിൽ ഘടിപ്പിച്ചത്: 10,000 ചിപ്പുകൾ
ആദ്യ ഘട്ടത്തിൽ 3,000 ചിപ്പുകൾ ഘടിപ്പിച്ചു
ചെലവ്: 25 ലക്ഷം
നായ്ക്കളെ വന്ധ്യംകരിക്കാനുള്ള പദ്ധതി വീണ്ടും പുനരുജ്ജീവിപ്പിക്കാനുള്ള നീക്കത്തിലാണ് നഗരസഭ
- നഗരസഭാ അധികൃതർ