തിരുവനന്തപുരം: സർക്കാർ സ്‌കൂളിൽ പി.എസ്.സി വഴി ഉദ്യോഗം നേടിയ അദ്ധ്യാപകർ ജോലിയിൽ പ്രവേശിച്ച് മൂന്നുമാസം പിന്നിടും മുൻപ് ഡെപ്യൂട്ടേഷൻ തരപ്പെടുത്തി സ്വന്തം നാട്ടിലേക്ക് സ്ഥലം മാറിപ്പോകാൻ ശ്രമം. ജഗതി സർക്കാർ ബധിര ഹയർസെക്കൻഡറി സ്‌കൂളിലെ ചില അദ്ധ്യാപകരാണ് ഇത്തരത്തിൽ സ്ഥലംവിടാൻ ശ്രമിക്കുന്നത്. അതത് വിഷയങ്ങളിൽ സ്‌പെഷ്യൽ ഡിഗ്രി നേടിയിട്ടുള്ള അദ്ധ്യാപകർ മാത്രമേ സ്‌പെഷ്യൽ സ്‌കൂളുകളിൽ പഠിപ്പിക്കാൻ പാടുള്ളൂ എന്ന സർക്കാരിന്റെ പുതിയ ഉത്തരവിനെ തുടർന്ന് ഈ വർഷം ആദ്യമാണ് ജഗതി ബധിര ഹയർസെക്കൻഡറി സ്‌കൂളിലെ അഞ്ച് ഒഴിവുകളിലേക്ക് പി.എസ്.സി സ്‌പെഷ്യൽ ട്രെയിനിംഗ് നേടിയ അദ്ധ്യാപകരെ നിയമിച്ചത്. ഈ സ്‌കൂളിലേക്ക് മാത്രമായാണ് നിയമനം എന്നിരിക്കെ, ജനുവരി ആദ്യം ജോലിയിൽ പ്രവേശിച്ച അദ്ധ്യാപകൻ ഉൾപ്പെടെയുള്ളവരാണ് ജൂണിൽ സ്‌കൂൾ തുറന്നയുടനേ കുട്ടികളുടെ പഠനം അവതാളത്തിലാക്കി സ്ഥലം വിടാൻ ശ്രമിക്കുന്നത്. കുട്ടികളുടെ പഠനം അനിശ്ചിതത്വത്തിലാക്കാൻ ശ്രമമെന്നാരോപിച്ച് അദ്ധ്യാപകർക്കെതിരെ റാങ്ക് ലിസ്റ്റിൽ അവസരത്തിനായി കാത്തിരിക്കുന്നവരും രക്ഷിതാക്കളും പരാതിയുമായി രംഗത്തെത്തി. ഹയർസെക്കൻഡറി ഡയറക്ടറേറ്റിലെ ഉന്നതന്റെ പിന്തുണയോടെയാണ് അദ്ധ്യാപകർ ഡെപ്യൂട്ടേഷന് ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്. ഇതിൽ ഒരാൾ കഴിഞ്ഞ ദിവസം ഡെപ്യൂട്ടേഷൻ സംബന്ധിച്ച് എസ്.എസ്.എ ഓഫീസിൽ ഇന്റർവ്യൂവിൽ പങ്കെടുത്തതായും റാങ്ക് ഹോൾഡേഴ്സ് ആരോപിക്കുന്നു. ജോലിയിൽ പ്രവേശിച്ച അദ്ധ്യാപകർ ഡെപ്യൂട്ടേഷനിൽ പോയാൽ മടങ്ങിയെത്തുംവരെ പകരം അദ്ധ്യാപകരെ പുതുതായി നിയമിക്കാനാകില്ല. ഇതുകാരണം സ്‌കൂളിൽ പഴയതുപോലെ കരാർ അടിസ്ഥാനത്തിൽ സ്‌പെഷ്യൽ ട്രെയിനിംഗ് ഡിഗ്രി ഇല്ലാത്ത താത്കാലിക അദ്ധ്യാപകരെ നിയമിക്കേണ്ടിവരും. എയ്ഡഡ് സ്‌കൂളിൽ 28 വർഷം ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നയാൾ സർക്കാർ നിയമനം ലഭിച്ചതോടെ ആ ജോലി രാജിവച്ചാണ് ജഗതി ബധിര വിദ്യാലയത്തിൽ ജോലിയിൽ പ്രവേശിച്ചത്. എന്നാൽ ഇയാൾ സ്‌കൂളിൽ തുടരാൻ തയ്യാറാകാതെ കുട്ടികളെ വഞ്ചിച്ച് റാങ്ക്ലിസ്റ്റിൽ ഉള്ളവരുടെ അവസരവും നിഷേധിച്ച് ഡെപ്യൂട്ടേഷൻ തരപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഇത് തടയണമെന്നും സ്‌പെഷ്യൽ സ്‌കൂളിൽ ജോലി നേടിയയാൾ അവിടെ തന്നെ തുടരണമെന്നും അല്ലാത്തപക്ഷം തങ്ങൾക്ക് അവസരം നൽകണമെന്നുമാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം.