വിതുര: ഇരുചക്രവാഹനങ്ങളുടെ മരണപ്പാച്ചിൽ കാരണം പൊറുതിമുട്ടുന്നത് ഇവിടുത്തെ ജനങ്ങളാണ്. പൊൻമുടിയിലേക്കുള്ള സഞ്ചാരികളുടെ വരവ് കൂടിയായതോടെ പൊൻമുടി- തിരുവനന്തപുരം സംസ്ഥാനപാതയിൽ നെടുമങ്ങാട് മുതൽ പൊൻമുടിവരെയുള്ള ഭാഗത്താണ് വാഹനങ്ങൾ ചീറിപ്പായുന്നത്. ശനി ഞായർ ദിവസങ്ങളിൽ ടൂറിസ്റ്റുകളുടെ എണ്ണം കൂടയിതോടെ റോഡിലൂടെ നടക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. ഒരു മാസത്തിനിടെ ഇവിടെ അൻപതിൽ പരം അപകടങ്ങളാണ് ഇവിടെ നടന്നത്. ഇതിൽ കൂടുതലും ബൈക്കുകളാണ്. അപകടത്തിൽ രണ്ട് പേർമരിക്കുകയും ആറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധിപേർക്ക് ചെറിയ പരുക്കുകളും പറ്റി. എന്നിട്ടും ചീറിപ്പാഞ്ഞുവരുന്ന യുവാക്കളെ തടയാൻ ഒരുമാർഗവും സ്വീകരിക്കാൻ അധികൃതർ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
കഴിഞ്ഞദിവസം ബൈക്കിൽ പൊൻമുടി സന്ദർശിക്കാനെത്തിയ യുവസംഘം റോഡരികിൽ നിന്ന ഗൃഹനാഥനെ ഇടിച്ചിട്ട ശേഷം കടന്നുകളഞ്ഞു. വിതുര ആനപ്പാറ ജംഗ്ഷനിലാണ് സംഭവം. ആനപ്പാറ വാളേങ്കി സ്വദേശി മനോഹരനെ(68) ആണ് ഇടിച്ചിട്ടത്. മനോഹരന്റെ കാലിൽ പൊട്ടലുണ്ട്. മനോഹരനെ ഇടിച്ച് തെറിപ്പിച്ച ശേഷം യുവാക്കൾ അമിതവേഗതയിൽ സ്ഥലം വിട്ടു.
കല്ലാർ മുതൽ പൊൻമുടി വരെ 22 ഹെയർപിൻ വളവുകളാണ് ഉള്ളത്. യുവാക്കളുടെ അമിതവേഗത്തിൽ ചീറിപ്പായുന്നതുകാരണം ടൂറിസ്റ്റുകൾക്ക് തലവേദനയായിമാറിയിരിക്കുകയാണ്. ഇതിനൊപ്പം ബൈക്ക് റേസിംഗ് സംഘങ്ങളും സജീവമാണ്.
അമിതവേഗത്തിലുള്ള ചീറിപ്പായലിനിടെ അപകടത്തിൽ പെടുന്നവരെ തിരിഞ്ഞുനോക്കാൻ പോലും ഇക്കൂട്ടർ മെനക്കെടാറില്ല. ഇടിച്ചിട്ടതിലും വേഗത്തിൽ ഇവർ സ്ഥലം വിടും. പരുക്ക് പറ്റുന്നവർ പിന്നാലെ വരുന്നവർ രക്ഷിക്കുമെന്ന പ്രതീക്ഷയിൽ അവിടെത്തന്നെ കിടക്കേണ്ട അവസ്ഥ. ഇവരുടെ അമിത വേഗം കുറയ്ക്കാൻ യാതോരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.