തിരുവനന്തപുരം: കുതിരകൾ നയിച്ച രഥത്തിലേറി വധു ഘോഷയാത്രയായി കല്യാണപ്പന്തലിലെത്തി. ശേഷം ഗാനമേളയും ആഘോഷ പരിപാടികളും. 'മിഥുനത്തിലെ താലികെട്ടിന്' സാക്ഷിയായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ, നടൻ അപ്പാനി ശരത്, നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി, ഗായിക രാജലക്ഷ്മി തുടങ്ങിയ പ്രമുഖരുടെ നീണ്ട നിര. ഗ്രീൻ പ്രോട്ടോക്കോളും രക്തദാന ക്യാമ്പും ആഘോഷങ്ങൾക്ക് 'മനുഷ്യത്വത്തിന്റെ" നിറവേകി. അനുഗ്രഹാശംസകൾ നേർന്ന 2,500 പേരെ സാക്ഷിയാക്കി

ഷൈൻ ശീതളിന് മിന്നുചാർത്തി.

ശ്രീചിത്ര പുവർ ഹോമിലെ അന്തേവാസിയും കഴക്കൂട്ടം, മേനംകുളം കരിഞ്ഞവയൽ വീട്ടിൽ പരേതനായ പി. മണിയുടെയും വി. ശ്രീകുമാരിയുടെയും മകളുമായ ശീതളിന്റെ വിവാഹത്തിനാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേ‌ഡിയത്തിലെ ട്രാവൻകൂർ ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ വേദിയായത്.

'ജീവിതത്തിലൊരിക്കലും ഇത്ര ആഘോഷപൂർണമായ വിവാഹം' ശീതളിന്റെ സ്വപ്നത്തിൽ പോലുമില്ലായിരുന്നു. അച്ഛനെ കുട്ടിക്കാലത്തേ നഷ്ടപ്പെട്ടു. അമ്മ രോഗിയും. തികഞ്ഞ ദാരിദ്ര്യമായിരുന്നു കൂട്ട്. ശ്രീചിത്ര പുവർ ഹോമിൽ അന്തേവാസിയായി ജീവിതം. 92.7 ബിഗ് എഫ്.എമ്മിന്റെ പ്രോഗ്രാം ഹെഡ് കിടിലം ഫിറോസാണ് ശീതളിന്റെ തലവര മാറ്റിയെഴുതിയത്. തുടർന്ന് 'മിഥുനത്തിൽ താലികെട്ട്' എന്ന പേരിൽ റേഡിയോ പ്രചാരണം നടത്തിയതോടെ ശ്രോതാക്കളിൽ നിന്നും വിവാഹത്തിന് സഹായമെത്തി. നാട്ടുകാരും സംഘടനകളും ബിഗ് എഫ്.എമ്മിനൊപ്പം ചേർന്നു. 'കേരളകൗമുദി'യും ഒപ്പം ചേർന്നതോടെ ശീതളിന് സ്വപ്നതുല്യമായ ജീവിതം കൈവരുകയായിരുന്നു.

അഞ്ച് പവന്റെ ആഭരണങ്ങൾ ധരിപ്പിച്ച് വിവാഹം നടത്താനായിരുന്നു ആലോചന. ആറ്റിങ്ങലിലെ സ്വയംവര സിൽക്സ് വിവാഹ വസ്ത്രങ്ങൾക്കൊപ്പം കുറച്ചു സ്വർണം കൂടി നൽകാൻ തയ്യാറായി. പെരെപ്പാടൻ ജുവലറി, ചക്രപാണിപുരം സ്വാതികലാക്ഷേത്രം, ദുബായിൽ നിന്നും വിജയ്ബാബു, നെടുമങ്ങാട് കുമാർ ടെക്സ്റ്റൈൽസ്, തോന്നയ്ക്കൽ സായിഗ്രാമം എന്നിവരെല്ലാം കൂടി സഹായിച്ചപ്പോൾ ലഭിച്ചത് 13 പവന്റെ ആഭരണങ്ങൾ. വിസ്മയാ ഈവന്റ്സും ഹാപ്പി വെഡ്ഡിംഗും ചേർന്ന് പന്തലിട്ടു. ഗ്രീൻഫീൽഡ് സ്റ്റേഡിയം ആഡിറ്റോറിയം അധികൃതർ സൗജന്യമായി അനുവദിച്ചു. ഫോട്ടോ വീഡിയോ 'ലൗ ഹാർട്സി'ന്റെ വക. അക്ഷയ കാറ്ററിംഗ് സദ്യയൊരുക്കി. പത്ത് അനാഥാലയങ്ങളിൽ നിന്നായി എത്തിയ 600 കുട്ടികൾ വിശിഷ്ടാതിഥികളായി. വിവാഹത്തിൽ നിന്ന് പിരിഞ്ഞ് കിട്ടിയ 13,600 രൂപ ശീതളിന്റെ അമ്മയുടെ ചികിത്സയ്‌ക്കായി ഉപയോഗിക്കുമെന്ന് ഫിറോസ് പറഞ്ഞു.