ആര്യനാട്: കതിർമണ്ഡപത്തിൽവച്ച് ബി.ജെ.പി അംഗത്വം സ്വീകരിച്ച് വധൂവരന്മാർ. ബി.ജെ.പി അരുവിക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ അംഗത്വ വിതരണവുമായി ബന്ധപ്പെട്ടാണ് ചെറ്റച്ചൽ സരസ്വതി വിലാസത്തിൽ ആർ. വേണുകുമാരൻ പിള്ളയുടെ മകൻ വിജേഷും പറണ്ടോട് ഒന്നാം പാലം നന്ദു ഭവനിൽ സുരേഷിന്റെ മകൾ കാർത്തികയും വിവാഹപ്പന്തലിൽവച്ച് പാർട്ടി അംഗങ്ങളായത്.
അംഗത്വം സ്വീകരിക്കാനുള്ള വിജേഷിന്റെ ആഗ്രഹം അരുവിക്കര നിയോജക മണ്ഡലം പ്രസിഡന്റ് മുളയറ രതീഷിനെ അറിയിക്കുകയായിരുന്നു. ബി.ജെ.പി കുടുംബത്തിൽ അംഗമാക്കാനുള്ള കാർത്തികയുടെ സമ്മതവും കൂടിയായപ്പോൾ അംഗത്വം സ്വീകരിക്കുന്നത് വിവാഹപ്പന്തലിൽ തന്നെ ആയിക്കോട്ടെയെന്ന് കുടുംബാംഗങ്ങൾ തീരുമാനിക്കുകയായിരുന്നു. വലിയ കലുങ്ക് ബി.എസ് ആഡിറ്റോറിയത്തിൽ നടന്ന വിവാഹ ചടങ്ങിനു ശേഷം അരുവിക്കര മണ്ഡലം പ്രസിഡന്റ് മുളയറ രതീഷ് ടോൾ ഫ്രീ നമ്പരിലൂടെ അംഗത്വം ചേർത്തു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ പൂവച്ചൽ ജ്യോതികുമാർ, എം.ബി. രഞ്ജിത്ത്, സംസ്ഥാന സമിതി അംഗം പ്രീതാ ശ്രീകുമാർ, കുറ്റിച്ചൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബിനിൽ, കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് അംഗം കൃഷ്ണകുമാരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.