stethoscope

തിരുവനന്തപുരം: കാരക്കോണം മെഡിക്കൽ കോളേജിലെ തലവരിപ്പണത്തെ ചൊല്ലി സി.എസ്.ഐ ദക്ഷിണ കേരള മഹാ ഇടവകയിൽ തർക്കം. സീറ്റ് വാഗ്ദാനം ചെയ്ത് വാങ്ങിയ കോടികൾ ബിഷപ്പ് ധർമ്മരാജ് റസാലത്തിന്റെ നേതൃത്വത്തിലുള്ള വിഭാഗം മോഷ്ടിച്ചുവെന്നാണ് പുതിയ ഭരണസമിതി യുടെ ആരോപണം.

തലവരിയായിവാങ്ങിച്ച പണം വിദ്യാർത്ഥികൾക്ക് തിരികെ നൽകാമെന്ന് മെഡിക്കൽ എഡ്യൂക്കേഷൻ റെഗുലേറ്ററി കമ്മീഷൻ ജസ്റ്റിസ് ആർ. രാജേന്ദ്രബാബുവിന് ബിഷപ്പ് നൽകിയ കത്തിൽ പറഞ്ഞിരുന്നു. ഇതോടെയാണ് കള്ളപ്പണ ഇടപാടാണിതെന്ന ആരോപണവുമായി പുതിയ ഭരണസമിതി രംഗത്തെത്തിയത്. ആരോപണം ഉന്നയിച്ചിട്ട് മാസങ്ങളായെങ്കിലും അധികൃതർ നടപടിയെടുത്തിരുന്നില്ല.

ഇക്കാര്യം വൈദിക സമിതി യോഗത്തിൽ ദക്ഷിണ കേരള മഹാ ഇടവക വൈസ് ചെയർമാൻ ഡോ.ആർ. ജ്ഞാനദാസ് വിശദമാക്കിയതോടെ ബിഷപ്പിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു.

കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമമാണ് നടന്നതെന്നും തലവരി വാങ്ങുന്ന സ്ഥാപനമാണെന്ന് പുറത്തറിഞ്ഞതോടെ കാരക്കോണം കോളേജിന്റെ ഭാവി എന്താകുമെന്നും ജ്ഞാനദാസ് യോഗത്തിൽ ചോദിച്ചു. കോളേജ് ഓഡിറ്റിംഗിൽ തലവരിപ്പണം വാങ്ങിയതടക്കം 28 കോടിയുടെ ക്രമക്കേട് കണ്ടെത്തിയതായും ആരോപണമുണ്ട്. ഇതെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ബിഷപ്പ് ധർമ്മരാജ് റസാലം പറഞ്ഞു.

ഏറ്റുമുട്ടൽ സമാന്തര അക്കൗണ്ടിനെ ചൊല്ലി

സീറ്റ് കിട്ടാതിരുന്ന വിദ്യാർത്ഥികൾ പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് കമ്മീഷന് പരാതി നൽകി. തുടർന്ന് വിദ്യാർത്ഥികൾക്കുള്ള ഏഴരക്കോടി രൂപ 12 മാസത്തിനുള്ളിൽ തിരികെ നൽകാമെന്ന് ബിഷപ്പ്, മെഡിക്കൽ എഡ്യൂക്കേഷൻ റെഗുലേറ്ററി കമ്മീഷന് നൽകിയ കത്തിൽ ഉറപ്പ് നൽകി. സമാന്തര അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചതെന്നും ബിഷപ്പ് കമ്മീഷനോട് വെളിപ്പെടുത്തിയിരുന്നു. ഈ സമാന്തര അക്കൗണ്ടിനെ ചൊല്ലിയാണ് ഇപ്പോൾ സി.എസ്.ഐ സഭയിൽ ഏറ്റുമുട്ടൽ നടക്കുന്നത്. സമാന്തര അക്കൗണ്ട് കൈകാര്യം ചെയ്തത് ആരെന്ന് ചോദ്യമാണ് പുതിയ ഭരണസമിതി ഉയർത്തുന്നത്.