കുഴിത്തുറ: ശുചീന്ദ്രത്ത് ബൈക്കിലെത്തിയ നാലംഗസംഘം 2 യുവാക്കളെ വെട്ടിക്കൊലപ്പെടുത്തി. ശുചീന്ദ്രം പറക്കൈ സി.ടി.എം പുരം സ്വദേശി തമിഴ്സെൽവന്റെ മകൻ അജിത് (19), മുരുകേശ പെരുമാളിന്റെ മകൻ അർജുൻ (16) എന്നിവരാണ് കൊല്ലപ്പെട്ടത്. അജിത് കെട്ടിട നിർമ്മാണ തൊഴിലാളിയും അർജുൻ വിദ്യാർത്ഥിയുമാണ്. അജിത്തിന്റെ അമ്മാവന്റെ മകനാണ് അർജുൻ. ഇന്നലെ വൈകിട്ട് 3 മണിക്കാണ് സംഭവം. 2 ബൈക്കിൽ വന്ന നാലംഗസംഘം, നടന്നുപോവുകയായിരുന്ന അജിത്തിനെയും അർജുനെയും വെട്ടിക്കൊല്ലുകയായിരുന്നു. രണ്ടുപേരും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. നിലവിളി കേട്ട് നാട്ടുകാർ ഓ‌ടിയെത്തിയപ്പോഴേക്കും കൊലപാതകികൾ രക്ഷപ്പെട്ടു. കൊലയാളികളുടെ ഒരു ബൈക്ക് പൊലീസ് കസ്റ്റഡിയിലെ‌ടുത്തു. മുൻ വൈരാഗ്യമാണ് കൊലയ്ക്ക് പ്രേരണയെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.