w

വെഞ്ഞാറമൂട്: കിണർ വൃത്തിയാക്കാനിറങ്ങിയ യുവാവ് വിഷവാതകം ശ്വസിച്ചതിനെ തുടർന്ന് കുഴഞ്ഞ് വീണ് മരിച്ചു. വെള്ളുമണ്ണടി ഈട്ടി വിളവീട്ടിൽ ശ്രീജു (37) ആണ് മരിച്ചത്. കിണർ ജോലിക്കാരനായ ശ്രീജു സുഹൃത്തായ അജിക്കൊപ്പമാണ് ഇന്നലെ രാവിലെ എട്ടിന് തണ്ട്രാംപൊയ്‌കയിലുള്ള സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണർ വൃത്തിയാക്കാനെത്തിയത്.

ശ്രീജുവാണ് കിണറ്റിലിറങ്ങിയത്. വിഷവാതകം നിറഞ്ഞ കിണറിന്റെ പകുതിയോളം എത്തിയപ്പോഴാണ് ശ്രീജുവിന് ശ്വാസതടസമുണ്ടായത്. തുടർന്ന് വെള്ളത്തിലേക്ക് കുഴഞ്ഞ് വീണു. അജി ഉടൻ വെഞ്ഞാറമൂട് ഫയർഫോഴ്സിനെയും പൊലീസിനെയും വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം ഓക്‌സിജൻ സിലിണ്ടറും മാസ്‌കും ധരിച്ചാണ് കിണറ്റിലിറങ്ങിയത്. പക്ഷേ ശ്വാസ തടസമുണ്ടായതിനാൽ കിണറ്റിലിറങ്ങിയ ഫയർമാൻ തിരിച്ചു കയറി. രണ്ടാം ശ്രമത്തിൽ ശ്രീജുവിനെ കരയ്‌ക്കെത്തിച്ചെങ്കിലും മരിച്ചു.

രക്ഷാപ്രവർത്തനത്തിനിടെ ഫയർമാൻ ശിവകുമാറിന്റെ കൈയ്‌ക്കും പരിക്കേറ്റു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ഭാര്യ : സുമ, മക്കൾ : ശ്യാം, സുജിത്ത്.