നെടുമങ്ങാട്: വിനോദ സഞ്ചാര കേന്ദ്രമായ അരുവിക്കരയിൽ നിന്നും നെടുമങ്ങാട് ടൗണിലേക്കുള്ള പ്രധാന റോഡ് തകർന്ന് ഗതാഗതം ദുസഹമായി. മെറ്റലിളകി കുഴികൾ വീണ റോഡിൽ അപകടങ്ങൾ പതിവായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. തകർന്നടിഞ്ഞ റോഡിൽ കാൽനടയാത്ര പോലും അസാദ്ധ്യമാണിപ്പോൾ. മഞ്ച, വെള്ളൂർക്കോണം, കളത്തറ, മൈലമ്മൂട്, മുള്ളിലവിൻമൂട് എന്നിവിടങ്ങളിൽ റോഡിന്റെ അവസ്ഥ ദയനീയമാണ്. മഞ്ചയിൽ റോഡു മുഴുവൻ വൻ കുഴികളായി. കളത്തറ വിമല സ്കൂളിനു മുന്നിലെ കുഴികൾ കുട്ടികളുടെ സുരക്ഷയ്ക്ക് വൻ ഭീഷണിയാണ്. അരുവിക്കര പഞ്ചായത്തിലുള്ളവർ നെടുമങ്ങാട് ടൗണിൽ എളുപ്പത്തിലെത്താൻ ആശ്രയിക്കുന്ന റോഡാണ് അധികൃതരുടെ അനാസ്ഥകാരണം തകർന്നത്. ഓട്ടോറിക്ഷകൾ ഇതുവഴി സവാരി ചെയ്യാൻ മടിക്കുന്നതിനാൽ പ്രദേശവാസികൾ ഏറെ വലയുകയാണ്. ഇടവിട്ട് മഴ പെയ്യുന്നത് കാരണം കുഴികളിൽ വെള്ളം നിറഞ്ഞ് വെള്ളക്കെട്ടായി മാറിക്കഴിഞ്ഞു. ആധുനിക നിലവാരത്തിൽ റോഡ് നവീകരിക്കുന്നതിന് 41.60 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബി അംഗീകാരം നൽകി രണ്ടു വർഷം പിന്നിട്ടിട്ടും സ്ഥലമെടുപ്പിൽ കുരുങ്ങി തുടങ്ങിയിടത്തു തന്നെ നിൽക്കുകയാണ്. ചിലയിടങ്ങളിൽ സ്ഥലം ഏറ്റെടുത്തതൊഴിച്ചാൽ നിർമ്മാണ പ്രവർത്തങ്ങളെല്ലാം അനിശ്ചിതത്വത്തിലാണ്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികൾ പി.ഡബ്ലിയു.ഡി അധികൃതർക്ക് നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അടിയന്തിര നടപടി ആവശ്യപ്പെട്ട് സമരരംഗത്ത് ഇറങ്ങാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ.