copa-america
copa america

. ലൂസേഴ്സ് ഫൈനലിൽ ചിലിയെ 2-1ന്

അർജന്റീന കീഴടക്കി

. ഗാരി മെഡലുമായി കൊമ്പുകോർത്ത മെസിക്ക്

ചുവപ്പ് കാർഡ്

. മെഡൽ ദാനച്ചടങ്ങിൽ പങ്കെടുക്കാതെ മെസിയുടെ പ്രതിഷേധം

സാവോപോളോ: സൂപ്പർ താരം ലയണൽ മെസിക്ക് ചുവപ്പുകാർഡ് കിട്ടിയതിലൂടെ വിവാദത്തിലാണ്ട ലൂസേഴ്സ് ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ചിലിയെ 2-1ന് കീഴടക്കി അർജന്റീന കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെന്റിന്റെ മൂന്നാം സ്ഥാനക്കാരായി. കഴിഞ്ഞ രണ്ട് കോപ്പകളുടെ ഫൈനലിൽ തങ്ങളെ തോൽപ്പിച്ചിരുന്ന ചിലിയോട് അർജന്റീനയുടെ കണക്ക് തീർക്കൽ കൂടിയായി ഇൗ വിജയം.

12-ാം മിനിട്ടിൽ സെർജി അഗ്യൂറോയും 22-ാം മിനിട്ടിൽ പൗളോ ഡൈബാലയും നേടിയ ഗോളുകൾക്കായിരുന്നു അർജന്റീനയുടെ വിജയം. 59-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ ആർടുറോ വിദാലാണ് ചിലിക്ക് വേണ്ടി ഒരു ഗോൾ മടക്കിയത്.

37-ാം മിനിട്ടിൽ ചിലിയൻ താരം ഗാരി മെഡലുമായി വാക്കേറ്റവും കയ്യാങ്കളിയുമായതോടെയാണ് മെസിക്ക് ചുവപ്പുകാർഡ് കണ്ട് പുറത്തേക്ക് നടക്കേണ്ടിവന്നത്. മെഡലിനും തത്ക്ഷണം റഫറി ചുവപ്പുകാർഡ് കാട്ടിയതോടെ പത്തുപേരുമായാണ് ഇരുടീമുകളും പിന്നീട് കളിച്ചത്.

ടൂർണമെന്റിൽ ഉടനീളം മോശം റഫറിയിംഗിലൂടെ സംഘാടകർ തങ്ങളെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് മെസി മത്സരശേഷം മൂന്നാംസ്ഥാനക്കാർക്കുള്ള മെഡൽ ഏറ്റുവാങ്ങാൻ എത്തിയതുമില്ല. ബ്രസീലിനെ കിരീട മണിയിക്കാൻ സംഘാടകർ ഒത്തുകളിക്കുന്നുവെന്ന ആരോപണം വിവാദമായിട്ടുണ്ട്.

2016 ൽ ചിലിയും അർജന്റീനയും തമ്മിലുള്ള കോപ്പ ഫൈനലിലും തമ്മിലടിക്ക് രണ്ടുപേരെ ചുവപ്പുകാർഡ് കാട്ടി പുറത്താക്കിയിരുന്നു. ചിലിയുടെ മാഴ്സെലോ ഡയസിനെയും അർജന്റീനയുടെ മാർക്കോസ് റോയോയേയും.

2

തന്റെ അന്താരാഷ്ട്ര കരിയറിൽ ഇത് രണ്ടാം തവണമാത്രമാണ് മെസി ചുവപ്പുകാർഡ് കാണുന്നത്. 2005 ൽ ഹംഗറിക്കെതിരായ മത്സരത്തിലാണ് ആദ്യമായി ചുവപ്പുകാർഡ് കണ്ടത്. 14 വർഷത്തിനുശേഷമുള്ള ചുവപ്പാണ് ഗാരി മെഡലുമായുള്ള തർക്കം വാങ്ങിക്കൊടുത്തത്.

തന്നെ മാർക്ക് ചെയ്ത മെഡലിനെ ദേഷ്യംവന്ന മെസി നെഞ്ചുകൊണ്ട് തള്ളിമാറ്റിയിരുന്നു. പന്ത് ലൈനിന് പുറത്തേക്കുപോയപ്പോൾ മെഡൽ രോഷാകുലനായി തിരിച്ചെത്തി. ഇരുവരും അസഭ്യം പറഞ്ഞ് തോളുകൊണ്ട് തമ്മിലിടിക്കുകയായിരുന്നു. സഹതാരങ്ങൾ ഇരുവരെയും ബലംപ്രയോഗിച്ചാണ് പിടിച്ചുമാറ്റിയത്.

ഇൗ ടൂർണമെന്റിലെ അഴിമതിയുടെ ഭാഗമാകാൻ താത്പര്യമില്ലാത്തതുകൊണ്ടാണ് ഞാൻ മെഡൽ വാങ്ങാൻ പോകാതിരുന്നത്. ബ്രസീലിന് ട്രോഫി കൊടുക്കാനായി എല്ലാം തയ്യാറാക്കിവച്ചിരിക്കുകയാണ്. ഞങ്ങളെ പുറത്താക്കാനാണ് റഫറിമാരും വീഡിയോ റഫറിമാരും ഒക്കെ ശ്രമിച്ചത്. ഇൗ കള്ളത്തരത്തിന് കൂട്ടുനിൽക്കാൻ ഞാനില്ല. സത്യം വിളിച്ചുപറയാൻ മടിയുമില്ല.

ലയണൽ മെസി