തജിക്കിസ്ഥാനെതിരെ
ഇന്ത്യ രണ്ട് ഗോളുകൾക്ക്
മുന്നിട്ടു നിന്ന ശേഷം 2-4 ന് തോറ്റു
ആദ്യപകുതിയിൽ സുനിൽ ഛെത്രി
രണ്ടുഗോളുകൾ നേടി
തജികിസ്ഥാൻ നാലുഗോളുകളും നേടിയത് രണ്ടാം പകുതിയിൽ
അഹമ്മദാബാദ് : തജിക്കിസ്ഥാനെതിരായ ഇന്റർകോണ്ടിനെന്റൽ കപ്പ് ഫുട്ബാളിലെ ആദ്യ മത്സരത്തിന്റെ ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് മുന്നിലെത്തിയിട്ടും ഇന്ത്യയ്ക്ക് ദയനീയ പരാജയം. രണ്ടാം പകുതിയിൽ നാലുഗോളുകൾ അടിച്ചുകൂട്ടിയാണ് സന്ദർശകർ ഇന്ത്യയെ തകർത്തത്.
നായകൻ സുനിൽ ഛെത്രിയാണ് ഇന്ത്യയുടെ രണ്ട് ഗോളുകളും നേടിയത്. നാലാം മിനിട്ടിലും 41-ാം മിനിട്ടിലുമായിരുന്നു ഛെത്രിയുടെ ഗോളുകൾ.
മദ്ധ്യനിരയിൽ മലയാളിതാരം സഹൽ അബ്ദുൽ സമദിനെ ഉൾപ്പെടുത്തി ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽത്തന്നെ ലഭിച്ച പെനാൽറ്റിയാണ് ഛെത്രി ആദ്യഗോളാക്കി മാറ്റിയത്. സഹലിൽനിന്ന് കിട്ടിയ പന്തുമായി മുന്നോട്ടുകുതിച്ച മന്ദാർറാവു ദേശായ്‌യെ അസ്‌റോറോവ് ഫൗൾ ചെയ്തിട്ടതിനാണ് റഫറി സ്പോട്ട്കിക്ക് വിധിച്ചത്. മികച്ചൊരുപനേങ്ക കിക്കിലൂടെയാണ് ഛെത്രി വല കുലുക്കിയത്.
തൊട്ടുപിന്നാലെ തജികിസ്ഥാൻ സുന്ദരമായി തിരിച്ചടിക്കാനുള്ള അവസരം പാഴാക്കി. തുടർന്ന് തജികിസ്ഥാന്റെ അക്രമണങ്ങളെ നിർവീര്യമാക്കിയ ഇന്ത്യ ആദ്യ പകുതിക്ക്പിരിയുന്നതിന് മുമ്പ് വീണ്ടും സ്കോർ ചെയ്തു. ഒരു കൗണ്ടർ അറ്റാക്കിൽനിന്ന് ഛെത്രിയും സഹലും ചേർന്ന് മെനഞ്ഞെടുത്ത മുന്നേറ്റമാണ് ഇന്ത്യൻ നായകന്റെ രണ്ടാം ഗോളിലേക്കുള്ള വഴി തുറന്നത്.56,58,71,74 മിനിട്ടുകളിലാണ് തജികിസ്ഥാൻ തിരിച്ചടിച്ചത്.