തിരുവനന്തപുരം: നൂറുരൂപയെ ചൊല്ലിയുണ്ടായ തർക്കത്തിൽ സഹോദരീ ഭർത്താവിനെ യുവാവ് കുത്തിക്കൊന്നു. വള്ളക്കടവ് വയ്യാമൂല കാരാളി ശിവപാർവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന സുനിൽകുമാറാണ് ( 43 ) മരിച്ചത്. സംഭവത്തിൽ പ്രതിയായ അനിക്കുട്ടനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ നിസാര പരിക്കുകളോടെ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ് .
ഇന്നലെ രാത്രി 10 ഓടെയാണ് സംഭവം. വയ്യാമൂലയിൽ സുനിൽകുമാർ ഒറ്റിയായി വാങ്ങിയ വീട്ടിലാണ് കുടുംബത്തോടൊപ്പം താമസിക്കുന്നത്. കഴിഞ്ഞ ദിവസം ഈ വീട്ടിൽ അനിക്കുട്ടൻ വന്നുപോയശേഷം അലമാരയ്‌ക്ക് മുകളിൽ വച്ചിരുന്ന നൂറുരൂപ കാണാനില്ലെന്ന് വീട്ടിൽ പറഞ്ഞിരുന്നു. ഇന്നലെ രാത്രിയിൽ വീണ്ടും അനിക്കുട്ടൻ ഇവിടെയെത്തുകയും സുനിൽകുമാറിനൊപ്പം മദ്യപിക്കുകയും ചെയ്‌തിരുന്നതായി പൊലീസ് പറയുന്നു. ഇതിനിടെ നൂറു രൂപയെച്ചൊല്ലിയുണ്ടായ തർക്കം അടിപിടിയിൽ കലാശിക്കുകയായിരുന്നു. ഇതിനിടെ അനിക്കുട്ടൻ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സുനിലിന്റെ വയറ്റിൽ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീട്ടുകാരുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാർ രക്തത്തിൽ കുളിച്ചുകിടന്ന സുനിലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പരിക്കേറ്റ അനിക്കുട്ടനെയും ജനറൽ ആശുപത്രിയിലെത്തിച്ചു. വലിയതുറ പൊലീസ് കേസെടുത്തു. ദിവ്യയാണ് സുനിൽകുമാറിന്റെ ഭാര്യ. നന്ദു, സൂര്യ എന്നിവർ മക്കളാണ്.