passport

നെടുമ്പാശേരി: വിദേശത്ത് ഉയർന്ന ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഭവങ്ങൾ വർദ്ധിക്കുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം ഇത്തരത്തിൽ തട്ടിപ്പിന് വിധേയരായി നെടുമ്പാശേരി വിമാനത്താവളത്തിൽ മടങ്ങിയെത്തിയവർ അഞ്ച് പേരാണ്. തട്ടിപ്പിനിരയായെന്ന് മാത്രമല്ല, വ്യാജ പാസ്പോർട്ട് ഉപയോഗിച്ച കുറ്റത്തിന് ഇവിടെ ജയിലിലാകുകയും ചെയ്യുന്നു. രാജ്യത്താകമാനം ഇത്തരം തട്ടിപ്പുകൾ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നെടുമ്പാശേരിയിൽ പിടിയിലായ അഞ്ചുപേരും ഇതര സംസ്ഥാനക്കാരാണ്. ഉയർന്ന ശമ്പളവും ജോലിയും വാഗ്ദാനം ചെയ്ത് ആളുകളെ വലയിലാക്കുന്ന സംഘം വിസിറ്റിംഗ് വിസയിലാണ് ഇവരെ വിദേശത്തേക്ക് കയറ്റി വിടുന്നത്. ഇവരിൽ നിന്നും വൻ തുക കൈപ്പറ്റിയാണ് ജോലിക്കെന്ന പേരിൽ അയയ്ക്കുന്നത്.

സന്ദർശക വിസയിൽ എത്തുന്നവർക്ക് വിദേശത്ത് ജോലി ചെയ്യാൻ നിയമം അനുവദിക്കുന്നില്ല. ഇത്തരത്തിൽ എത്തുന്നവർ തൊഴിൽ വിസ ശരിയാക്കിയ ശേഷം ആ രാജ്യത്ത് നിന്നും മടങ്ങിപ്പോയ ശേഷം തിരികെ എത്തണം. എന്നാൽ വിദേശത്ത് എത്തിയ ശേഷം മൂന്ന് മാസത്തിനകം എല്ലാം ശരിയാക്കി തരാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് സംഘം ആളെ കയറ്റി അയയ്ക്കുന്നത്. അവിടെ എത്തിയ ശേഷം തട്ടിപ്പ് സംഘത്തിന്റെ വിദേശത്തുള്ള ഏജന്റ് ഇവരെ സമീപിച്ച് പാസ്‌പോർട്ട് വാങ്ങി കൊണ്ടു പോകുന്നു. ഇതിന് ശേഷം ഇവർ ഇന്ത്യയിലേക്കോ അല്ലെങ്കിൽ മറ്റേതെങ്കിലും രാജ്യത്തേക്കോ പോയി മടങ്ങി വന്നതായി വ്യാജ സീൽ പതിപ്പിച്ച് തിരിച്ചു നൽകുകയാണ് ചെയ്യുന്നത്. ഇതിനും ഇവരിൽ നിന്നും പണം ഈടാക്കും. ഇത് ഏതെങ്കിലും പരിശോധനയിൽ പിടിക്കപ്പെട്ടാൽ വിദേശത്ത് ജയിലിൽ കഴിയേണ്ടി വരും.

തുടർന്ന് നാട്ടിലേക്ക് മടക്കി അയയ്ക്കുന്നതോടെ പാസ്‌പോർട്ടിൽ കൃത്രിമം കാണിച്ചു എന്ന കുറ്റത്തിന് ജയിലിലും കഴിയേണ്ടി വരും. ഇത്തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നെടുമ്പാശേരിയിൽ പിടിക്കപ്പെട്ടത് നാല് ഉത്തർപ്രദേശ് സ്വദേശികളും ഒരു പഞ്ചാബ് സ്വദേശിയുമാണ്. നെടുമ്പാശേരി പൊലീസിന് കൈമാറിയ ഇവരെ അങ്കമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മലേഷ്യയിൽ തട്ടിപ്പിനിരയായി പിടിയിലായവരാണ് ഇവർ. വിദേശത്ത് നിന്നും നാട് കടത്തുമ്പോൾ ഇന്ത്യയിലേക്കുള്ള വിമാനക്കൂലി ഏറ്റവും കുറഞ്ഞ വിമാനത്താവളം എന്ന നിലയിലാണ് നെടുമ്പാശേരിയിലേയ്ക്ക് അയച്ചത്. മൂന്ന് മാസത്തിലധികം മലേഷ്യൻ ജയിലിൽ കഴിഞ്ഞ ശേഷമാണ് ഇവരെ നാട്ടിലേക്ക് കയറ്റി വിട്ടത്. ഡൽഹി കേന്ദ്രീകരിച്ചാണ് ഇത്തരം തട്ടിപ്പുകൾ പ്രധാനമായും അരങ്ങേറുന്നത്. മടങ്ങിയെത്തുന്നവർ ഏത് വിമാനത്താവളത്തിലാണോ എത്തുന്നത് അവിടെ കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കുമെങ്കിലും അന്വേഷണം ഒരിക്കൽ പോലും തട്ടിപ്പ് സംഘത്തിലേക്ക് എത്താറില്ല. അതുതന്നെയാണ് ഇത്തരത്തിലുള്ള തട്ടിപ്പുകൾ ഓരോ ദിവസവും വർദ്ധിക്കാൻ ഇടയാക്കുന്നതും.