by-poll

തിരുവനന്തപുരം: രാഹുൽഗാന്ധി അദ്ധ്യക്ഷ പദവി ഒഴിഞ്ഞതോടെ പാർട്ടി ദേശീയ തലത്തിലുണ്ടായ പ്രതിസന്ധി സംസ്ഥാനത്ത് ആറ് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളെ ബാധിക്കുമോ എന്ന് കോൺഗ്രസ് നേതാക്കൾക്ക് ആശങ്ക. ദേശീയതലത്തിലെ പ്രതിസന്ധി കർണാടകയിലടക്കം പ്രതിഫലിച്ചു തുടങ്ങിയതാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളെ ആശങ്കപ്പെടുത്തുന്നത്.

ഉപതിരഞ്ഞെടുപ്പിൽ സിക്സർ അടിക്കുമെന്ന് നേതാക്കൾ പുറമേ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനം ഉപതിരഞ്ഞെടുപ്പിൽ ആവർത്തിക്കാനാവുമോ എന്ന ഭയമാണ് നേതാക്കൾക്ക്. ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വൻവിജയം സമ്മാനിച്ച ന്യൂനപക്ഷ കേന്ദ്രീകരണം ഉപതിരഞ്ഞെടുപ്പുകളിൽ പ്രകടമാവില്ലെന്ന ചിന്തയാണ് കോൺഗ്രസ് നേതാക്കളിൽ ചിലരെയെങ്കിലും അലട്ടുന്നത്. പാർലമെന്റ് തിര‌ഞ്ഞെടുപ്പിൽ ദേശീയതലത്തിൽ ഉണ്ടായ കനത്ത തിരിച്ചടിയും തുടർന്ന് കോൺഗ്രസിലുണ്ടായ നേതൃത്വ പ്രതിസന്ധിയുമാണ് ന്യൂനപക്ഷങ്ങളെ കോൺഗ്രസിൽ അവിശ്വാസം ഉണ്ടാക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേതാക്കൾ ബി.ജെ.പി പാളയത്തിലേക്ക് ചേക്കേറുന്നതും ന്യൂനപക്ഷങ്ങളിൽ ആശങ്കയുളവാക്കുന്നുണ്ട്. ദേശീയ തലത്തിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്ന പ്രതീക്ഷയിൽ ന്യൂനപക്ഷങ്ങളടക്കം വ്യാപകമായി യു.ഡി.എഫിന് വോട്ട് ചെയ്തതാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയത്തിന് അടിസ്ഥാനമായത്. എന്നാൽ, നിലവിൽ കോൺഗ്രസിലുണ്ടായ പ്രതിസന്ധി ന്യൂനപക്ഷ വിഭാഗം മുന്നണിയിൽ നിന്ന് അകലുമോ എന്ന ആശങ്ക ചില കോൺഗ്രസ് നേതാക്കൾ പങ്കുവയ്ക്കുന്നുണ്ട്. വട്ടിയൂർക്കാവ്, കോന്നി, പാലാ, അരൂർ, മഞ്ചേശ്വരം എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

യു.ഡി.എഫ് സിറ്രിംഗ് സീറ്രായ പാലായിൽ യു.ഡി.എഫിലെയും കേരള കോൺഗ്രസിലേയും ആഭ്യന്തര പ്രശ്നങ്ങളും കടമ്പയാകും. കേരള കോൺഗ്രസ് രണ്ടായി പിരിഞ്ഞുനിൽക്കുന്നതാണ് പ്രധാന പ്രശ്നം. അരൂർ പിടിക്കാമെന്ന പ്രതീക്ഷയും കുറവാണ്. അതേ സമയം മുൻ മന്ത്രി കെ.ബാബുവിനെ അരൂരിൽ നിറുത്താൻ എ ഗ്രൂപ്പ് നീക്കം തുടങ്ങിയിട്ടുണ്ട്. വട്ടിയൂർക്കാവിൽ പീതാംബരക്കുറുപ്പിനെ നിറുത്തുന്നതിനെക്കുറിച്ച് കോൺഗ്രസ് ആലോചിക്കുന്നുണ്ട്. അതേസമയം കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളിൽ വിജയിച്ച് കയറാമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും കോൺഗ്രസിലെ നിലവിലെ സാഹചര്യം ഉപതിരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയാണ് സംസ്ഥാനത്തെ നേതാക്കളുടെ ഉള്ളിൽ.