girl-kidnapping

കൊല്ലം: അഞ്ച് വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച യുവതിയും കാമുകനും പിടിയിൽ. ഇന്നലെ വൈകിട്ടോടെയാണ് കണ്ണനല്ലൂർ പാലമുക്ക് സ്വദേശിനിയുടെ കുട്ടിയെ കാണാതായത്. അയൽ വീട്ടിലെ യുവതിയെയും കാണാതായതോടെ ആ വഴിക്കായി സംശയം. അഞ്ച് വയസുകാരി ആ വീടുമായി എപ്പോഴും സഹകരിക്കുന്നതാണ് സംശയത്തിന് ഇടനൽകിയത്. അവിടെയും സമപ്രായത്തിലുള്ള ഒരു കുട്ടിയുണ്ട്.

ഈ സ്ത്രീയെ ഫോണിൽ പല തവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞല്ല. ഒടുവിൽ ഇവർക്ക് അയത്തിൽ അപ്സര ജംഗ്ഷനിലുള്ള ഒരു ആട്ടോ ഡ്രൈവറുമായി അടുപ്പം ഉണ്ടെന്ന വിവരത്തെ തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ കുട്ടിയുടെ മാതാവ് ഈ വീട്ടിലെത്തി. വാതിൽ തുറപ്പിച്ച് പരിശോധിക്കുന്നതിനിടെ ഇന്ന് പുലർച്ചെ രണ്ടോടെയാണ് കുട്ടിയെ കണ്ടെത്തിയത്. ഈ സമയം യുവതിക്കൊപ്പം അവരുടെ കുട്ടിയും കാമുകനും ഉണ്ടായിരുന്നു. കുട്ടിയുടെ മാതാവ് നൽകിയ പരാതിയെ തുടർന്ന് കണ്ണനല്ലൂർ പൊലീസ് രാത്രി തന്നെ സ്ത്രീയെ കസ്റ്റഡയിലെടുത്ത് മഹിളാ മന്ദിരത്തിലേക്ക് മാറ്റി. ഇന്ന് ചോദ്യം ചെയ്യും. കാമുകനും പൊലീസ് കസ്റ്റഡിയിലാണ്. കുട്ടിയെ ഇന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കും.