sexual-abuse

പള്ളുരുത്തി: ബോയ്‌സ് ഹോമിലെ ഡയറക്ടറായിരുന്ന വൈദികൻ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയ കേസിൽ തുടർനടപടികൾ വേഗത്തിലാക്കി പൊലീസ്. ഇന്ന് വിദ്യാർത്ഥികളിൽ നിന്നും മൊഴി രേഖപ്പെടുത്തുമെന്നാണ് സൂചന.

അതേസമയം, ബോയ്‌സ് ഹോമിലെ ഡയറക്ടറായി പുതിയ വൈദികനെ ചുമതലപ്പെടുത്തി. ഇന്നലെയായിരുന്നു ഫാ.ജെറി എന്ന ജോർജിനെ (40) പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി വൈദികനെ ഇന്നലെ തന്നെ റിമാൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബർ മുതൽ ഇയാൾ ഹോമിലെ കുട്ടികളെ പീഡിപ്പിച്ചു വരികയായിരുന്നു. ശനിയാഴ്ച രാത്രി ഇയാളുടെ ശല്യം രൂക്ഷമായതോടെ എട്ട് കുട്ടികൾ ഹോമിൽ നിന്നും രക്ഷപ്പെട്ടു. ഒരു കുട്ടി ചേർത്തലയിലെ പിതാവിനെ വിവരം അറിയിക്കുകയായിരുന്നു.രാത്രി തന്നെ വൈദികനെ പൊലീസ് അറസ്റ്റു ചെയ്തു.

2017 ലാണ് ഫാ.ജോർജ് സ്ഥാപനത്തിൽ ചുമതലയേറ്റത്.

കഴിഞ്ഞ ഡിസംബർ ക്രിസ്മസ് രാത്രി മുതൽ കുട്ടികളെ ഇയാൾ പീഡിപ്പിച്ചു തുടങ്ങിയതാണ്. വഴങ്ങാത്ത വിദ്യാർത്ഥികളെ ഇയാൾ മർദ്ദിച്ചിരുന്നു. ശനിയാഴ്ച രാത്രി 8 വിദ്യാർത്ഥികൾ ഹോമിൽ നിന്ന് രക്ഷപ്പെട്ട് കണ്ണമാലിയിലെ സ്കൂളിൽ എത്തുകയായിരുന്നു. പിന്നാലെ ഫാ.ജോർജും ബൈക്കിൽ ഇവിടെ വന്നു.

ചേർത്തലയിലെ രക്ഷിതാവും ഇവിടെ വന്ന് ഫാ. ജോർജുമായി സംസാരിച്ചെങ്കിലും പൊലീസ് സ്റ്റേഷനിൽ പോകാതെ ബോയ്‌സ് ഹോമിൽ എത്തി പ്രശ്‌നം പരിഹരിക്കാമെന്നാണ് വൈദികൻ അറിയിച്ചത്. തുടർന്ന് പിതാവ് കണ്ണമാലി സ്റ്റേഷനിൽ വിവരം അറിയിച്ചു. കുട്ടികളുമായി പൊലീസ് സംസാരിച്ചതിനെ തുടർന്നാണ് ഗൗരവമേറിയ പ്രശ്‌നമാണെന്ന് ബോധ്യപ്പെട്ടത്. പള്ളുരുത്തി സ്റ്റേഷനിൽ അനുരഞ്ജന ചർച്ച എന്ന പേരിൽ കൊണ്ടുവന്ന് പോക്‌സോ നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കുട്ടികളുടെ മൊഴികളും രേഖപ്പെടുത്തി. ഞായറാഴ്ച്ച രാവിലെ ചൈൽഡ് ലൈൻ പ്രവർത്തകർ എത്തി കുട്ടികളെ കാക്കനാട്ടെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി. വൈദ്യ പരിശോധനയ്ക്കും വിധേയമാക്കി. പലപ്പോഴും സ്വന്തം മുറിയിലേക്ക് വിളിച്ച് വരുത്തിയാണ് കുട്ടികളെ പീഡിപ്പിച്ചിരുന്നത്. സി.ഐ. ജോയ് മാത്യു, എസ്.ഐ. ദീപു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.