തിരുവനന്തപുരം: ഫോൺചെയ്യുന്നതിനിടെ ബഹുനില ലോഡ്ജിന്റെ നാലാം നിലയിൽ നിന്ന് കാൽ വഴുതി വീണ് യുവാവ് മരിച്ചു. നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ ജീവനക്കാരനായ തമിഴ്നാട് സ്വദേശി ശിവകുമാറാണ് (20) മരിച്ചത്. ഇന്നലെ രാത്രി 12.30 നായിരുന്നു സംഭവം.

ഹോട്ടൽ ജീവനക്കാർ താമസിക്കുന്ന ഗാന്ധാരിയമ്മൻ കോവിലിന് സമീപത്തെ നാലുനില ലോഡ്ജിലാണ് അപകടം. ഹെഡ്സെറ്റ് വഴി ഫോണിൽ സംസാരിക്കുകയായിരുന്നു ശിവകുമാർ. ടെറസിന്റെ വശങ്ങൾ കെട്ടിയിട്ടില്ലാത്തതിനാൽ അപകട സാധ്യതയുള്ളതായി സെക്യൂരിറ്റി ജീവനക്കാരൻ മുന്നറിയിപ്പ് നൽകിയെങ്കിലും കാര്യമാക്കിയില്ലെന്ന് പൊലീസ് പറഞ്ഞു. ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തമ്പാനൂർ പൊലീസ് കേസെടുത്തു.