തിരുവനന്തപുരം: ലഹരിവസ്‌തുവും വ്യാജ മദ്യവും വൻതോതിൽ വിൽക്കാനുള്ള മാഫിയകളുടെ നീക്കത്തിന് കടിഞ്ഞാണിട്ട് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ്. കഴിഞ്ഞ മാസം 17ന് മന്ത്രി ടി.പി. രാമകൃഷ്ണൻ വിളിച്ച ഉന്നതതല യോഗത്തിലാണ് എക്സൈസ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിക്കാൻ തീരുമാനിച്ചത്. സ്‌ക്വാഡിന്റെ നേതൃത്വത്തിൽ കോവളം വാഴമുട്ടത്ത് നിന്ന് 20 കോടിയുടെ ഹാഷിഷ് പിടികൂടിയിരുന്നു. ഇന്നലെ രാവിലെ കൊല്ലം ഓച്ചിറയിൽ നിന്ന് 700 ലിറ്റർ സ്‌പിരിറ്റ് പിടികൂടി.
പാലക്കാട്ട് 1400ഉം ചിറ്റൂരിൽ 400 ഉം ലിറ്രർ സ്‌പിരിറ്റ് പിടികൂടിയത് പ്രത്യേക സ്‌ക്വാഡ് കൂടി ഉൾപ്പെട്ട സംഘമാണ്. വൻതോതിലുള്ള മയക്കുമരുന്ന്, സ്‌പിരിറ്റ്, സെക്കൻഡ്സ് മദ്യം കടത്ത് തടയാൻ ശ്രദ്ധിക്കണമെന്നാണ് സ്‌ക്വാഡിന് നൽകിയിരിക്കുന്ന നിർദ്ദേശം. ചെക്ക് പോസ്റ്റുകളിലും പരിശോധന ശക്തമാക്കി.
ഓണത്തിന് മുന്നോടിയായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വ്യാജമദ്യ നിർമ്മാണത്തിന് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചതോടെയാണ് സർക്കാർ നടപടികൾ കടുപ്പിച്ചത്. എക്സൈസ് കമ്മിഷണറുടെ മേൽനോട്ടത്തിലുള്ള മൂന്ന് മേഖലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡുകൾക്ക് പുറമേയാണിത്. മുൻകാലങ്ങളിലേത് പോലെയില്ലെങ്കിലും സ്‌പിരിറ്ര് ലോബി സജീവമാണ്. അനധികൃത മദ്യനിർമ്മാണത്തിനാണ് ഇവ ഉപയോഗിക്കുന്നതെന്നാണ് സൂചന. കള്ളിന് വീര്യം കൂട്ടാൻ ഷാപ്പുകൾക്കും എത്തിക്കുന്നുണ്ട്.
19 അംഗ സ്റ്റേറ്റ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡിന്റെ ചുമതല തിരുവനന്തപുരം എക്സൈസ് സി.ഐ അനികുമാറിനാണ്. ആലപ്പുഴയിലെ ചില കേന്ദ്രങ്ങളിൽ അനധികൃത വിദേശ മദ്യനിർമ്മാണമുണ്ടെന്നും ഇതിനായി തമിഴ്നാട്ടിൽ നിന്ന് സ്‌പിരിറ്റ് എത്തുന്നതായും സൂചന ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ നിരീക്ഷണത്തിലാണ് 700 ലിറ്റർ സ്‌പിരിറ്റ് പിടികൂടിയത്. സ്‌പിരിറ്റ് കടത്തിയ ആളെക്കുറിച്ചുള്ള വിവരവും ലഭിച്ചു. ഓച്ചിറയിൽ അറസ്റ്റിലായ നാലംഗ സംഘത്തിലെ കനകരാജൻ കേരളത്തിൽ സ്‌പിരിറ്റ് മൊത്തമായും ചില്ലറയായും വിൽക്കുന്ന ഏജന്റാണ്.
പാലക്കാട്ട് ഇന്ന് യോഗം
കള്ള് ചെത്ത് മേഖലയിലെ പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ കള്ള് വ്യവസായ തൊഴിലാളി സംഘടനാ പ്രതിനിധികളുടെയും എക്സൈസ് ഉന്നതോദ്യോഗസ്ഥരുടെയും യോഗം ഇന്ന് പാലക്കാട്ട് മന്ത്രി ടി.പി. രാമകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേരും. പാലക്കാട്ട് ചെത്ത് തോപ്പുകളുമായി ബന്ധപ്പെട്ട് വ്യാജ കള്ള് നിർമ്മിക്കുകയാണെന്ന ആക്ഷേപങ്ങളും ചർച്ചചെയ്യും.