രാജ്യം സ്വതന്ത്രയായ കാലംതൊട്ടേ തുറിച്ചുനോക്കുന്ന തൊഴിലില്ലായ്മ വിങ്ങുന്ന യാഥാർത്ഥ്യമായി ഒപ്പംതന്നെ ഉണ്ടായിരുന്നു. അയ്യഞ്ചുകൊല്ലംകൂടുമ്പോൾ ഒാരോ പുതിയ സർക്കാർ അധികാരത്തിലെത്തുമ്പോഴും തൊഴിലില്ലായ്മയുടെ ശതമാനക്കണക്ക് പുറത്തുവരാറുണ്ട്. മോദി സർക്കാരിന്റെ ആദ്യ ഭരണകാലത്ത് തൊഴിലില്ലായ്മ 46 ശതമാനം കണ്ട് വർദ്ധിച്ചതായി ഒൗദ്യോഗിക കണക്ക്തന്നെ പുറത്തു വരികയുണ്ടായി. സർക്കാർ മേഖലയിൽ എത്രയോ വർഷമായി റിക്രൂട്ട്മെന്റ് പേരിന് മാത്രമേ നടക്കാറുള്ളൂ. വിരമിക്കലിനെ തുടർന്നുണ്ടാകുന്ന ഒഴിവുകൾ പൂർണമായി നികത്തപ്പെടുന്നില്ല. ആൾശേഷി കുറച്ചുകൊണ്ടു വരികയെന്നത് സർക്കാർ ഒരു നയമായി കൊണ്ടുനടക്കുകയാണ്. പല കാരണങ്ങളാൽ സ്വകാര്യതൊഴിൽ മേഖലയിലും കാണാം റിക്രൂട്ട്മെന്റ് നിരോധനം. വൻ വ്യവസായങ്ങളിൽ പൊതുവേ കാണുന്ന മാന്ദ്യത പുതിയ തൊഴിലവസരങ്ങൾ ഗണ്യമായി കുറച്ചിട്ടുണ്ട്. ഇടത്തരം-ചെറുകിട വ്യവസായ മേഖലകളും തളർച്ചയിലായിട്ട് വർഷങ്ങളായി, ഇതൊക്കെ സാമ്പത്തിക വളർച്ചയിലും പ്രതിഫലിക്കുന്നുണ്ട്. അതുകൊണ്ടാണ് വളർച്ചാനിരക്ക് താഴോട്ട് പോകുന്നത്.
കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലുമായി ഏഴുലക്ഷത്തോളം ഒഴിവുകൾ നികത്തപ്പെടാതെ കിടപ്പുണ്ടെന്നാണ് ഒൗദ്യോഗിക സ്ഥിതി വിവരം. 2018 മാർച്ച് 31നുള്ള കണക്കാണിത്. കൃത്യമായി പറഞ്ഞാൽ 6, 83, 823 ഒഴിവുകളാണ് ജീവനക്കാരെ കാത്തു കിടക്കുന്നത്. 2016 മാർച്ചിൽ ഇത് 4,12,752 ആയിരുന്നു. രണ്ടു വർഷത്തിനിടെ ഒഴിഞ്ഞു കിടക്കുന്ന പോസ്റ്റുകൾ 65 ശതമാനംകണ്ട് വർദ്ധിച്ചു. റിക്രൂട്ട്മെന്റ് പാടേ നിലച്ചതോടെയാണ് തൊഴിലില്ലായ്മ നിരക്ക് കുത്തനെ കുതിച്ചുയർന്നത്. കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലായി 38 ലക്ഷത്തിലേറെ പോസ്റ്റുകൾക്ക് അനുമതിയുണ്ടെങ്കിലും നിലവിൽ 31 ലക്ഷത്തിൽപ്പരം പേരേ സർവീസിലുള്ളൂ. റിട്ടയർമെന്റ് , മരണം, സ്വയം വിരമിക്കൽ തുടങ്ങിയവ മൂലമുണ്ടാകുന്ന ഒഴിവുകൾ നികത്താൻ നടപടി ഉണ്ടാകുന്നില്ല. സർക്കാർ സേവനങ്ങളുടെ കാര്യക്ഷമതയെപ്പോലും ബാധിക്കും വിധം ഏഴുലക്ഷത്തോളം ഒഴിവുകളുണ്ടായിട്ടും റിക്രൂട്ട്മെന്റ് കാര്യമായി നടക്കുന്നില്ല. പോസ്റ്റുകൾ ഒഴിഞ്ഞു കിടക്കുന്നതാണ് സർക്കാരിന് ലാഭം. ഉള്ളവരെ വച്ച് കാര്യം നടത്താമെന്ന് മനസിലായതോടെ ഇതാണ് ലാഭകരമെന്നു തീരുമാനിച്ചതുപോലെ.
ഒാരോ വർഷവും റെയിൽവേ വളർന്നു കൊണ്ടിരിക്കുകയാണ്. പുതിയ പാതകളും ട്രെയിനുകളും കൂട്ടിച്ചേർക്കപ്പെടുന്നുമുണ്ട്. എന്നാൽ വർഷങ്ങളായി ഒഴിവുകൾ നികത്തപ്പെടാത്തതിനാൽ റെയിൽവേയുടെ ദൈനംദിന നടത്തിപ്പ് വൻ പ്രതിസന്ധിയിലായിട്ടുണ്ട്. ഒരു വിഭാഗത്തിലും അവശ്യംവേണ്ട ജീവനക്കാർ പോലുമില്ല. നിശ്ചിതസമയം കഴിഞ്ഞും ലോക്കോ റണ്ണിംഗ് സ്റ്റാഫ് ജോലി ചെയ്യേണ്ടി വരുന്നത് അപകടങ്ങൾക്ക് പോലും കാരണമാകാറുണ്ട്. 2.60 ലക്ഷത്തോളം ഒഴിവുകളാണ് റെയിൽവേയിൽ ഇപ്പോൾ ഉള്ളത്. രാജ്യത്ത് ഏറ്റവുമധികം പേർക്ക് തൊഴിൽ നൽകുന്ന റെയിൽവേ പുതിയ റിക്രൂട്ട്മെന്റ് രംഗത്ത് പുലർത്തുന്ന കടുത്ത അനാസ്ഥ ഇപ്പോഴും തുടരുകയാണ്. അടുത്ത കാലത്തായി താഴ്ന്ന വിഭാഗങ്ങളിലേക്ക് വലിയ തോതിൽ റിക്രൂട്ട്മെന്റിന് നടപടി തുടങ്ങിയതു മാത്രമാണ് ഏക ആശ്വാസം. എന്നിരുന്നാലും നിലവിൽ ഒഴിഞ്ഞു കിടക്കുന്ന 2.60 ലക്ഷം പോസ്റ്റുകളിൽ ആളെത്താൻ വർഷങ്ങൾ തന്നെ വേണ്ടിവരും. റെയിൽവേ കഴിഞ്ഞാൽ കേന്ദ്ര സർവീസിൽ ഏറ്റവുമധികം പോസ്റ്റുകൾ ഒഴിഞ്ഞു കിടക്കുന്നത് പ്രതിരോധ വകുപ്പിലാണ്. 1.90 ലക്ഷത്തോളമെന്നാണ് അതിന്റെ കണക്ക്. തൊട്ടുതാഴെ കേന്ദ്ര റവന്യൂ വകുപ്പാണുള്ളത്. എൺപതിനായിരത്തോളം പേരുടെ കസേരകൾ ഒഴിച്ചിട്ടാണ് റവന്യൂ വകുപ്പ് ഇഴഞ്ഞു നീങ്ങുന്നത്. ഇപ്പോൾ സർക്കാരിന്റെ ഭാഗമല്ലെങ്കിലും ബി.എസ്.എൻ. എല്ലിൽ റിക്രൂട്ട്മെന്റ് നിലച്ചിട്ട് അനവധി വർഷങ്ങളായി. നഷ്ടം കുമിഞ്ഞുകൂടി പൂട്ടാറായ നിലയിലാണ് ഒരു കാലത്ത് ടെലികോം മേഖലയുടെ കുത്തകയുണ്ടായിരുന്ന ഇൗ സ്ഥാപനം. സർക്കാർ മേഖലയിലേതുൾപ്പെടെ രാജ്യത്ത് തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കാൻ ഉതകുന്ന പുതിയ നയപരിപാടികൾ കൊണ്ടുവരുമെന്നാണ് പുതിയ ബഡ്ജറ്റിലും സർക്കാർ അവകാശപ്പെടുന്നത്. ഇവിടെയും മാതൃക കാണിക്കേണ്ടത് സർക്കാർ തന്നെയാണ്. കേന്ദ്ര സർവീസിലെ ഒഴിവുകൾ നികത്താനുള്ള കർമ്മപരിപാടിക്ക് തുടക്കം കുറിച്ചുകൊണ്ടായിരിക്കണം സ്വകാര്യ മേഖലയെ ഇൗ രംഗത്ത് പ്രചോദിപ്പിക്കേണ്ടത്.
ജനങ്ങൾക്ക് സമയബന്ധിതമായി സേവനം നൽകാൻ കഴിയാത്തതാണ് ഉദ്യോഗസ്ഥരുടെ കുറവു മൂലമുണ്ടാകുന്ന പ്രധാന പ്രശ്നം. എന്നാൽ ക്രമസമാധാന രംഗത്ത് രൂക്ഷമായ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ് രാജ്യത്തൊട്ടാകെ പൊലീസിൽ കാണപ്പെടുന്ന വൻതോതിലുള്ള സേനാംഗങ്ങളുടെ കുറവ്. അനുവദിക്കപ്പെട്ട സംഖ്യാബലം രാജ്യത്ത് ഒരു സംസ്ഥാനത്തും ഇപ്പോഴില്ലെന്നാണ് പൊലീസ് റിസർച്ച് ബ്യൂറോ കഴിഞ്ഞദിവസം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. 29 സംസ്ഥാനങ്ങളിലും മറ്റു കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 24,84, 170 പൊലീസ് ഉദ്യോഗസ്ഥർ വേണ്ടിടത്ത് ഇപ്പോഴുള്ളത് 19,41, 473 പേർ മാത്രം. 5.4 ലക്ഷത്തിൽപ്പരം പോസ്റ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. എല്ലാത്തരം കുറ്റകൃത്യങ്ങളുടെയും വിളനിലമായ യു.പിയിൽ മാത്രം 1.28 ലക്ഷം പൊലീസുകാരുടെ കുറവുണ്ട്. സമാധാനം ഒഴിഞ്ഞ ജമ്മു-കാശ്മീരിൽ പോലും അനുവദിക്കപ്പെട്ട സേനാബലത്തിൽ പതിനായിരത്തിലധികം കുറവുകാണാം. കേരളത്തിലും സ്ഥിതി ഇതുതന്നെ. 54000 പേർ വേണ്ടിടത്ത് 9476 പേർ കുറവെന്നാണ് പൊലീസ് ബ്യൂറോയുടെ കണക്ക്.
രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി അഭ്യസ്തവിദ്യരായ യുവജനതയുടെ അഭൂതപൂർവമായ വലിപ്പമാണെന്നു പറയാറുണ്ട്. ഏത് തൊഴിലിനുമുള്ള മത്സര പരീക്ഷകളിൽ അവസരം തേടി എത്തുന്നത് ലക്ഷങ്ങളാണ്. സർക്കാർ ജോലി എന്ന സ്വപ്നവുമായി കോടിക്കണക്കിന് യുവതീയുവാക്കൾ അക്ഷമരായി കഴിയുമ്പോഴാണ് ലക്ഷക്കണക്കിനുള്ള ഒഴിവുകൾ നികത്താതെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ക്രൂരത കാണിക്കുന്നത്. മന്ത്രിസഭാ രൂപീകരണ വേളയിൽ നിയമം അനുവദിക്കുന്ന സംഖ്യയോളം മന്ത്രിമാരെ നിയമിക്കാൻ രാഷ്ട്രീയകക്ഷികൾ ഒരുമടിയും കാണിക്കാറില്ല. അതുപോലെ ഉന്നത സ്ഥാനങ്ങളിലേക്കും മുറ തെറ്റാതെ നിയമനങ്ങൾ തകൃതിയായി നടക്കും. ഉദ്യോഗത്തിന് വർഷങ്ങളായി കാത്തിരിക്കുന്നവരുടെ കാര്യം വരുമ്പോഴാണ് കണ്ണടച്ചിരിക്കുന്നത്.