mitra

വെള്ളനാട്: വെള്ളനാടിന്റെ മണ്ണിലും ചോളം നല്ലരീതിയിൽ വിളയിക്കാമെന്ന് തെളിയിച്ചിരിക്കയാണ് മിത്രനികേതന്റെ മാതൃകാ കൃഷിത്തോട്ടം. മിത്രനികേതന്റെ കൃഷിയിടത്തിൽ ഷുഗർ 75 ഇനത്തിൽപ്പെട്ട ചോളത്തിന്റെ (സ്വീറ്റ് കോൺ) ഹൈബ്രീഡ് സീഡുകളാണ് കൃഷി ചെയ്യാൻ ഉപയോഗിച്ചത്. മൂന്ന് മാസം കൊണ്ട് വിളവെടുക്കാവുന്ന ചോളം നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യവും ദിനം പ്രതി ജലസേചനം വേണ്ടാത്തതുമാണ്. നാല് സെന്റ് ഭൂമിയിൽ കൃഷി ചെയ്തപ്പോൾ 224കിലോഗ്രാം ചോളവും ഒരുടെണ്ണോളം തീറ്റപ്പുല്ലും ലഭിച്ചതായി മിത്രനികേതൻ ഡയറക്ടർ സേതു വിശ്വനാഥൻ പറയുന്നു. ആദ്യ പരിശ്രമം തന്നെ വിജയത്തിലെത്തിയതോടെ കൂടുതലായി കൃഷിയിറക്കാനുള്ള തയ്യാറെടുപ്പിലാണ് മിത്രനികേതൻ. വെള്ളനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്രി ചെയർമാൻ വെള്ളനാട് ശ്രീകണ്ഠൻ, മിത്രനികേതൻ ഡയറക്ടർ സേതു വിശ്വനാഥൻ, ജോയിന്റ് ഡയറക്ടർ ഡോ. രഘുരാംദാസ്, കാർഷിക ബിരുദ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.