മലയിൻകീഴ്: കണ്ടല സർവീസ് സഹകരണ ബാങ്ക് എ ക്ലാസ് അംഗങ്ങൾക്ക് നടപ്പിലാക്കുന്ന ക്ഷേമനിധിയുടെയും പെൻഷൻ
പദ്ധതിയുടെയും ഉദ്ഘാടനം ഐ.ബി. സതീഷ് എം.എൽ.എ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എൻ. ഭാസുരാംഗൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി.ആർ.രമാകുമാരി, മാറനല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം തൂങ്ങാംപാറ ബാലകൃഷ്ണൻ, ബാങ്ക് സെക്രട്ടറി എം.രാജേന്ദ്രൻ, എ.സുരേഷ് കുമാർ, എസ്.ചന്ദ്രബാബു, എ.രവീന്ദ്രൻ എന്നിവർ സംസാരിച്ചു. കണ്ടല സഹകരണ ബാങ്കും സഹകരണ ആശുപത്രിയും ചേർന്ന് നടപ്പാക്കുന്ന സൗജന്യ ചികിത്സാ പദ്ധതിയുടെ ആരോഗ്യ കാർഡ് വിതരണവും യോഗത്തിൽ നടന്നു. അംഗങ്ങളിൽ നിന്ന് ക്ഷേമനിധിയിലേക്ക് 500രൂപ അംഗത്വ ഫീസായി ഈടാക്കും. പെൻഷന് വേണ്ടി വർഷം തോറും 730രൂപ അടയ്ക്കണം. 60 വയസ് പൂർത്തിയായ അംഗങ്ങൾക്കാണ് 500രൂപ മിനിമം പെൻഷൻ അനുവദിക്കുന്നത്. നിലവിൽ 60വയസ് കഴിഞ്ഞവർക്ക് 15വർഷത്തെ പ്രീമിയമായ 10950 രൂപ ഒരുമിച്ച് അടച്ച് പെൻഷൻ പദ്ധതിയിൽ അംഗമാകാമെന്ന് പ്രസിഡന്റ് അറിയിച്ചു.