കല്ലമ്പലം: വിപണിയിൽ പച്ചക്കറികളുടെയും പഴ വർഗങ്ങളുടെയും വില കുതിച്ചുയരുന്നു. കല്ലമ്പലം മേഖലകളിൽ വ്യാപാരികൾ തോന്നിയ പടിയാണ് വില ഈടാക്കുന്നത്. ഒരു നിശ്ചിത വില വിൽക്കുന്നവർക്കോ വാങ്ങുന്നവർക്കോ അറിയില്ല ഓരോദിവസവും വിലയിലുള്ള വ്യത്യാസം വീട്ടമ്മമാരെ കുഴയ്ക്കുന്നു. ട്രോളിംഗ് നിരോധനം തുടങ്ങിയപ്പോൾ മുതലാണ് ആവശ്യ വസ്തുക്കളുടെ വില കുതിച്ചുകയറാൻ തുടങ്ങിയത്. ട്രോളിംഗ് നിരോധനം മൂലം മീൻ വിലയിൽ മാത്രമല്ല പച്ചക്കറികളുടെയും മാംസത്തിന്റെയും വിലയിലും വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് സാധാരണക്കാരന്റെ കുടുംബ ബഡ്ജറ്റിന്റെ താളം തെറ്റിക്കുന്നു. ട്രോളിംഗ് നിരോധനം കാരണം കേരള തീരത്ത് നിന്ന് മീൻ വരവ് മാർക്കറ്റിൽ കുറഞ്ഞിട്ടുണ്ടെങ്കിലും തൂത്തുക്കൂടി മഹാരാഷ്ട്ര, ഗുജറാത്ത്, മംഗലാപുരം എന്നിവിടങ്ങളിൽ നിന്ന് മീൻ എത്തുന്നുണ്ട്. എന്നാൽ വലിയ വിലയാണിവയ്ക്കെന്ന്‍ വ്യാപാരികൾ പറയുന്നു.
കഴിഞ്ഞ ദിവസം ഇങ്ങനെ കടംബാട്ടുകോണം മൊത്ത മത്സ്യ വ്യാപാര സ്ഥലത്ത് ലേലത്തിനു കൊണ്ടുവന്ന മത്സ്യത്തിൽ പകുതിയും അഴുകിയ നിലയിലായിരുന്നു. ചില്ലറ വില്പനക്കാരിൽ പലരും ഇത് ലേലത്തിലെടുക്കാൻ വിസമ്മതിച്ചപ്പോൾ ചിലർ തുച്ഛമായ വിലക്ക് കരസ്ഥമാക്കി വില്പന നടത്തിയത് പ്രതിഷേധത്തിനിടയാക്കി.