1

പൂവാർ: തങ്ങളുടെ അത്താണിയായ മത്സ്യബന്ധന വള്ളങ്ങൾ കടൽക്കരയിലെ ചുട്ടുപഴുത്ത മൺതിട്ടയിൽ കയറ്റിയിട്ട് ഒരു മാസം കഴിഞ്ഞു. മത്സ്യസമ്പത്തിന്റെ പ്രജനനകാലമായി കണക്കാക്കുന്ന ഈ കാലയളവിൽ തീരത്തെ മത്സ്യബന്ധന തൊഴിലാളികൾ വറുതിയിലാണ് കഴിയുന്നത്. ഓഖി വിതച്ച ദുരന്തവും പിന്നീട് വന്ന ദുരിതജീവിതവും കടന്നുവന്ന ഇവിടുത്തെ മത്സ്യത്തൊഴിലാളികൾക്ക് ട്രോളിംഗ് നിരോധനവും വൻ കടമ്പതന്നെയാണ്. കടലിൽ നിന്നും കിട്ടുന്ന മത്സ്യ സമ്പത്താണ് ഇവരുടെ ജീവിത വൃത്തിക്കുള്ള ഏക ആശ്രയം. കടലിൽ പോകാൻ പറ്റാതായതോടെ ഇവിടുത്തെ ജനങ്ങൾ ദുരിതത്തിലാണ്. എന്നാൽ ട്രോളിംഗ് നിരോധനത്തിന് മുൻപ് തന്നെ തൊഴിലാളികൾ പട്ടിണിയുടെ വക്കിലായി. മോശം കാലാവസ്ഥയും കടലിലെ മത്സ്സമ്പത്തിന്റെ കുറവുമാണ് ഇതിനുകാരണം.

മൺസൂൺ കാലത്ത് കേന്ദ്രഗവൺമെന്റിന്റെ തണൽ പദ്ധതിപ്രകാരം 1000 രൂപ ധനസഹായം കിട്ടുമായിരുന്നു. എന്നാൽ ഇന്നത് കിട്ടാതായി. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പഞ്ഞമാസ ധനസഹായം ഒരു മാസം 1500 രൂപയും 3 മാസം 4500 രൂപയും കിട്ടും. എന്നാൽ ഇതിനായി മാസം 500 രൂപവീതം മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലായി 1500 രൂപ ഫിഷറീസ് ഡിപ്പാർട്ട്മെന്റിൽ അടയ്ക്കണം.

ധനസഹായത്തിന് പുറമെ മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചിരുന്നത് സൗജന്യ റേഷനാണ്. ഇത് ഗുണനിലവാരമില്ലാത്തതിനാൽ ആരും വാങ്ങാറില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. ഈ കാലയളവിലാണ് പലരും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെയും വ്യക്തികളെയും സമീപിക്കുന്നത്. കൈയിലുള്ള സ്വർണ്ണവും മറ്റും പണയപ്പെടുത്തി ഈ കാലയളവ് കഴിച്ചുകൂട്ടും. പ്രതീക്ഷയാകട്ടെ വരുന്ന ചാകരക്കാലത്തിൽ എല്ലാം മാറുമെന്നതും.

മുൻപ് പരമ്പരാഗത മത്സ്യബന്ധനം മാത്രം നിലവിലുണ്ടായിരുന്ന കാലത്ത് നിരോധനം ആവശ്യമില്ലായിരുന്നു. എന്നാൽ മത്സ്യബന്ധനത്തിലും മത്സരം തുടങ്ങിയതോടെയാണ് ട്രോളിംഗ് നിരോധനത്തിന്റെ ആവശ്യകത ഏറിയതെന്നും തൊഴിലാളികൾ തന്നെ പറയുന്നു. പലതരത്തിലുള്ള മീനുകളാൽ സമ്പന്നമായ ഈ കടലിൽ ഓരോ മീനിനെയും പിടിക്കാൻ പലതരത്തിലുള്ള വലകൾ ഉപയോഗിക്കാറുണ്ട്. ഓരോ വലുപ്പത്തിലും അളവിലും കണ്ണിയുടെ അകൽച്ചയിലും വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് 100 ഇനം മീനുകൾക്ക് 50 ഇനം വല എന്ന തരത്തിലാണ് കണക്കാക്കുന്നത്. ഓരോ തവണയും മത്സ്യബന്ധനം നടത്തുമ്പോൾ പലതരത്തിലുള്ള വലകളാണ് ഓരോ ബോട്ടിലും കരുതുന്നത്. എന്നാൽ ഇത്തരം വലകൾ കടലിന്റെ അടിത്തട്ടിലെ മത്സ്യത്തെ വരെ പിടിക്കാൻ കഴിവുള്ളവയാണ്. അതുകൊണ്ടതന്നെ കടലിന്റെ അടിത്തട്ടിലെ ആവാസവ്യവസ്ഥയെ വരെ ബാധിക്കുന്ന മത്സ്യബന്ധനമാണ് നടത്തുന്നതെന്ന പരാതിയും ഉയരുന്നുണ്ട്. ഇത് മത്സ്യത്തിന്റെ പ്രചനന കാലമായതിനാൽ ട്രോളിംഗ് നിരോധനം അനിവാര്യമാണെന്നാണ് അധികൃതർ പറയുന്നത്.