കല്ലമ്പലം: കെ.എസ്.ആർ.ടി.സി ഉൾപ്പെടെ ആറോളം ബസുകളും നൂറുകണക്കിന് മറ്റു വാഹനങ്ങളും നിത്യേന കടന്നുപോകുന്ന ഒറ്റൂർ റോഡിലൂടെയുള്ള യാത്ര ദുഷ്കരമാകുന്നു. വർക്കലയിൽ നിന്നും ആറ്റിങ്ങലേക്കുള്ള എളുപ്പ വഴിയായ ഒറ്റൂർ തോപ്പിൽ - മണമ്പൂർ വരെയുള്ള രണ്ടു കിലോമീറ്ററോളമുള്ള റോഡിലെ യാത്രയാണ് അതി കഠിനമായിട്ടുള്ളത്. പഴയ റോഡ് മണ്ണുമാന്തി ഉപയോഗിച്ച് ഇളക്കിയ ശേഷം ടാറൊഴിക്കുകയും അതിനു മുകളിൽ മെറ്റലും പാറപ്പൊടിയും പാകിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും റീടാറിംഗ് നടത്തിയിട്ടില്ല. മഴയത്ത് ചെളിക്കെട്ടും വെയിലിൽ ശക്തമായ പൊടിപടലവും മൂലം യാത്രക്കാർക്കും റോഡിനിരുവശവുമുള്ള താമസക്കാർക്കും ദുരന്തമായി മാറിയിരിക്കുകയാണ്. ധാരാളം സ്കൂളുകളും ഒറ്റൂർ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. പ്രദേശവാസികൾക്ക് വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി കാട്ടി ഒറ്റൂർ റസിഡന്റ്സ് അസോസിയേഷൻ പഞ്ചായത്തിൽ പരാതി നൽകിയിട്ടും നടപടിയില്ല. ഒറ്റൂർ പഞ്ചായത്ത് ഓഫീസിന് മുന്നിലൂടെയാണ് റോഡ് കടന്നുപോകുന്നത്. പി.ഡബ്ളി.യു.ഡിയുടെ ചുമതലയിലുള്ള റോഡായതിനാൽ പഞ്ചായത്തിനും നടപടിയെടുക്കാൻ കഴിയാത്ത സ്ഥിതിയാണ്. ടാറിംഗ് പണികൾ വേഗത്തിലാക്കി നാട്ടുകാരുടെ യാത്രാ ദുരിതത്തിനും അന്തരീക്ഷ മലിനീകരണത്തിനും പരിഹാരം വേണമെന്ന ആവശ്യം ശക്തമാണ്.