ആറ്റിങ്ങൽ: സ്വകാര്യ ബസിൽ നിന്നു തെറിച്ച് വീണ് ഏഴാം ക്ളാസ് വിദ്യാർത്ഥിക്ക് പരിക്ക്. ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ ബോക്സിംഗ് പരിശീലിക്കുന്ന ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ കൊല്ലം സ്വദേശി അക്ഷയ് ബിജുവിനാണ് (12) പരിക്കേറ്റത്. ഇന്നലെ രാവിലെ 9 ഓടെയായിരുന്നു സംഭവം. കുട്ടി ബസിൽ കയറാൻ ശ്രമിക്കവെ ജീവനക്കാർ ഡബിൾ ബെല്ലടിക്കുകയും സ്പീഡിൽ മുന്നോട്ടെടുത്ത ബസിൽ നിന്ന് കുട്ടി തെറിച്ചു വീഴുകയുമായിരുന്നു. ഉടൻ തന്നെ വിദ്യാർഥിയെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് ജീവനക്കാരുടെ അശ്രദ്ധമായ പെരുമാറ്റത്തിനെതിരെ ശ്രീപാദം സ്റ്റേഡിയത്തിലെ അദ്ധ്യാപകൻ ഷാജി ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകി. കേസെടുത്തതായി പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ് ബി.സത്യൻ എം.എൽ.എ, ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് തുടങ്ങി നിരവധിപേർ ആശുപത്രിയിലെത്തി.
ഫോട്ടോ: പരിക്കേറ്റ അക്ഷയ് ബിജു