തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ ജനത്തിന് ഇരട്ട ഷോക്ക് നൽകി വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി. സ്ളാബ് അടിസ്ഥാനത്തിലുള്ള ഫിക്സഡ് ചാർജും യൂണിറ്റ് നിരക്കും ഒരേ സമയം കൂട്ടിയാണ് ഇരട്ട അടി നൽകിയത്. ഗാർഹിക ഉപഭോക്താക്കൾക്ക് പ്രതിമാസം 18 രൂപ മുതൽ 254 രൂപ വരെ നിരക്കു കൂടും. ഒപ്പം അധിക ഫിക്സഡ് ചാർജും നൽകണം. അഞ്ചു രൂപ മുതൽ 70 രൂപ വരെയാണ് ഫിക്സഡ് ചാർജ് വർദ്ധന. ചാർജ് വർദ്ധന ഇന്നലെ മുതൽ നിലവിൽ വന്നതായി റെഗുലേറ്ററി കമ്മിഷൻ ചെയർമാൻ പ്രേമൻ ദിനരാജ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. താരിഫ് വർദ്ധനയിലൂടെ പ്രതിവർഷം 900 കോടി രൂപ കെ.എസ്.ഇ.ബിക്ക് അധികവരുമാനം ലഭിക്കും.
ഗാർഹിക ഉപഭോക്താക്കളുടെ യൂണിറ്റ് നിരക്കിൽ 11.4% വർദ്ധന വരുത്തി. വ്യാവസായിക ഉപഭോക്താക്കളിൽ എൽ.ടി വിഭാഗത്തിന് 5.7 ശതമാനവും എച്ച്.ടി വിഭാഗത്തിന് 6.1 ശതമാനവും കൊമേഷ്യൽ വിഭാഗത്തിന് 3.3 ശതമാനവുമാണ് വർദ്ധന.
യൂണിറ്റ് നിരക്കിനൊപ്പം ഫിക്സഡ് ചാർജ് കൂടി ചേരുന്നതാണ് വൈദ്യുതി ബിൽ. 16.66% മുതൽ 128% വരെ വർദ്ധനയാണ് ഫിക്സഡ് ചാർജിൽ വരുത്തിയത്..
പ്രതിമാസം 40 യൂണിറ്റുവരെ ഉപയോഗിക്കുന്ന ദാരിദ്രരേഖയ്ക്കു താഴെയുള്ളവരെയും എൻഡോസൽഫാൻ ദുരിതബാധിതരെയും നിരക്ക് വർദ്ധനയിൽ നിന്ന് ഒഴിവാക്കി. യൂണിറ്റിന് 1.50 രൂപയാണ് ഈ വിഭാഗക്കാരുടെ നിരക്ക്. ദാരിദ്രരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിൽ കാൻസർ രോഗികളോ സ്ഥിരമായി അംഗവൈകല്യം ബാധിച്ചവരോ ഉണ്ടെങ്കിൽ പ്രതിമാസം 100 യൂണിറ്റിന് വരെ 1.50 രൂപ വച്ച് നൽകിയാൽ മതി.
മൂന്നു വർഷത്തേക്കാണ് വർദ്ധനയെങ്കിലും കെ.എ്.ഇ.ബിയുടെ കാര്യക്ഷമതയും പരിഷ്കരിച്ച താരിഫിൽ നിന്നുള്ള വരുമാനവും പരിഗണിച്ച് ആവശ്യമെന്നു കണ്ടാൽ വരും വർഷങ്ങളിൽ താരിഫ് പുനഃപരിശോധിക്കുമെന്ന് റെഗുലേറ്ററി കമ്മിഷൻ ചെയർമാൻ പറഞ്ഞു. 2017 ഏപ്രിൽ17നാണ് ഇതിനുമുമ്പ് നിരക്ക് വർദ്ധിപ്പിച്ചത്.
യൂണിറ്റ് ഒന്നിന് പഴയ നിരക്ക് പുതിയ നിരക്ക് (രൂപയിൽ)
050 2.9 3.15
51-100 3.4 3.7
101-150 4.5 4.8
151-200 6.1 6.4
201-250 7.3 7.6
0-300 5.5 5.8
0-500 6.7 7.1
501 ന് മുകളിൽ 7.5 7.9
ഫിക്സഡ് ചാർജ് വർദ്ധന
പ്രതിമാസം 250 യൂണിറ്റുവരെ
50 യൂണിറ്റ്: നിലവിൽ സിംഗിൾ ഫേസിന് മാസം 30 രൂപ, ത്രീഫേസിന് 80 രൂപ. ഇത് 35 രൂപയും 90 രൂപയുമായി.
51-100: നിലവിൽ സിംഗിൾ ഫേസിന് 30രൂപയും ത്രീഫേസിന് 80 രൂപയും. ഇത് യഥാക്രമം 45, 90 രൂപയായി
101-150: നിലവിൽ സിംഗിൾ ഫേസിന് 30രൂപയും ത്രീഫേസിന് 80 രൂപയും. ഇത് 55 രൂപയും 100 രൂപയുമായി.
151-200: നിലവിൽ സിംഗിൾ ഫേസിന് 30രൂപ,ത്രീഫേസിന് 80 രൂപ. ഇത് 70 രൂപയും 100 രൂപയുമായി.
201-250: സിംഗിൾ ഫേസിന് 30രൂപ, ത്രീഫേസിന് 80 രൂപ ആയിരുന്ന 80 രൂപയും 100 രൂപയുമായി.
ഫിക്സഡ് ചാർജ് വർദ്ധന
250 യൂണിറ്റിനു മുകളിൽ നിരക്ക്
300 യൂണിറ്റുവരെ സിംഗിൾ ഫേസിന് 100 രൂപയും ത്രീഫേസിന് 110 രൂപയും നൽകണം. 350 യൂണിറ്റുവരെയുള്ളവർ സിംഗിൾ ഫേസിനും ത്രീ ഫേസിനും 110രൂപ വീതം നൽകണം. 400 യൂണിറ്റുവരെ ഉപയോഗിക്കുന്നവർ 120 രൂപ നൽകണം. 500 യൂണിറ്റുവരെ 130 രൂപ. 501ന് മുകളിൽ 150 രൂപ.