flood

തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിൽ വീട് പൂർണമായി നഷ്ടപ്പെട്ടവർക്ക് ധനസഹായം നൽകുന്നതിൽ നിലവിലെ മാനദണ്ഡം സർക്കാർ തിരുത്തി. വീട് പൂർത്തീകരണത്തിന്റെ ശതമാനം കണക്കാക്കുന്ന രീതിക്ക് പകരം നിർമ്മാണത്തിന്റെ ഒാരോ ഘട്ടവും അടിസ്ഥാനപ്പെടുത്തി ധനസഹായം അനുവദിക്കാനാണ് ദുരന്ത നിവാരണ വകുപ്പിന്റെ ഉത്തരവ്. ആദ്യ മാനദണ്ഡം ധനസഹായ വിതരണത്തിൽ കാലതാമസം വരുത്തുന്നതായി ജില്ലാ കളക്ടർമാരടക്കം പരാതി ഉയർത്തിയിരുന്നു.

നാശനഷ്ടം സംഭവിച്ച വീടുകൾ പുനർനിർമ്മിക്കാൻ നാല് ലക്ഷം രൂപ വീതമാണ് അനുവദിക്കുന്നത്. ഇതിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള വിഹിതത്തിന്റെ അമ്പത് ശതമാനം തുക വീട് നിർമ്മാണത്തിന്റെ 25 ശതമാനം പൂർത്തീകരിക്കുമ്പോഴും ശേഷിക്കുന്ന അമ്പത് ശതമാനം 75 ശതമാനം പൂർത്തീകരിച്ച ശേഷവും അനുവദിക്കുന്നതായിരുന്നു ആദ്യത്തെ രീതി. ദുരന്തപ്രതികരണ നിധിയിൽ നിന്നുള്ള വിഹിതം ആദ്യഗഡുവെന്ന നിലയിൽ മുൻകൂറായും നൽകും. പുതിയ ഉത്തരവനുസരിച്ച്, തറ (ബേസ്‌മെന്റ്) പണി പൂർത്തീകരിക്കുമ്പോൾ രണ്ടാം ഗഡുവും ലിന്റ്ൽ ലെവൽ പൂർത്തിയാക്കുമ്പോൾ മൂന്നാം ഗഡുവും അനുവദിക്കും.

പ്രളയദുരന്തത്തിന്റെ ഒന്നാം വാർഷികം അടുത്തെത്തിയിരിക്കെയാണ് ധനസഹായവിതരണത്തിലെ പോരായ്മ പരിഹരിക്കുന്നത്.

വീട് പൂർത്തീകരണത്തിന്റെ ശതമാനം കണക്കാക്കുന്നതിൽ ഫീൽഡ് ലെവലിൽ ഏകീകരണ സ്വഭാവമില്ലാത്തത് ധനസഹായ വിതരണം വൈകുന്നതിന് ഇടയാക്കുന്നു. അതിനാൽ നിർമ്മാണത്തിന്റെ സ്റ്റേജ് അടിസ്ഥാനമാക്കണമെന്ന് തൃശൂർ ജില്ലാ കളക്ടർ ഉൾപ്പെടെ ആവശ്യപ്പെട്ടതായി പുതിയ ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.