മലയിൻകീഴ് : ഊരൂട്ടമ്പലം ഗവ.എൽ.പി സ്കൂൾ കെട്ടിടം പൊളിച്ച് പുതിയ മന്ദിരം നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ മുടക്കുകയും കരാറിൽ പറയാത്ത കെട്ടിടം പൊളിച്ച് സാധനങ്ങൾ കടത്തിയതിനും കരാറുകാരനെതിരെ കേസെടുക്കണമെന്ന് ഐ.ബി.സതീഷ്.എം.എൽ.എ ആവശ്യപ്പെട്ടു. ഊരൂട്ടമ്പലം സ്കൂളിൽ രണ്ട് വർഷം മുൻപ് പ്രവേശനോത്സവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച ബഹുനില മന്ദിരങ്ങൾക്കാണ് ഫണ്ട് അനുവദിച്ചത്. കെട്ടിടം പൊളിക്കാൻ കരാറെടുത്തയാൾ ചുവരുകളും മേൽക്കൂരയും പൊളിച്ച് വിലപിടിപ്പുള്ള സാധനങ്ങൾ കടത്തുകയും കോൺക്രീറ്റ് ഉൾപ്പെടെയുള്ള കെട്ടിടാവശിഷ്ടങ്ങൾ സ്ഥലത്ത് ഉപേക്ഷിക്കുകയുമായിരുന്നു. പൊളിക്കരുതെന്ന് മാറനല്ലൂർ പഞ്ചായത്ത് കരാറുകാരനോട് നിർദേശിച്ച കമ്പ്യൂട്ടർ റൂമും കരാറുകാരൻ പൊളിച്ച് സാധനങ്ങൾ കടത്തി. ഗ്രാമപഞ്ചായത്ത് 39,900 രൂപയ്ക്കാണ് കരാർ നൽകിയത്. ഏഴ് ദിവസത്തിനകം കെട്ടിടം പൊളിച്ചുനീക്കി പുതിയ മന്ദിരനിർമ്മാണത്തിന് സൗകര്യമൊരുക്കാമെന്നായിരുന്നു കരാർ വ്യവസ്ഥ. കരാറുകാരനെതിരെ സ്കൂൾ അധികൃതർ പഞ്ചായത്ത് സെക്രട്ടറിക്ക് നേരത്തെ പരാതി നൽകിയിരുന്നു. സെക്രട്ടറി നോട്ടീസ് നൽകി കരാറുകാരനെ വിളിച്ചുവരുത്തി കെട്ടിടാവശിഷ്ടങ്ങൾ നീക്കംചെയ്യാൻ നിർദേശിച്ചെങ്കിലും ഫലമുണ്ടായില്ല. രണ്ട് കോടി രൂപ വിനിയോഗിച്ച് പുതിയ മന്ദിര നിർമ്മാണത്തിന് കരാറെടുത്തിട്ടുള്ള തീരദേശ വികസന അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും അവശിഷ്ടങ്ങൾ നീക്കം ചെയ്യാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനാകില്ലെന്ന് സ്കൂൾ അധികൃതരെ അറിയിച്ചിരുന്നു. മന്ദിര നിർമാണം അനിശ്ചിതത്വത്തിലായതോടെയാണ് ഐ.ബി. സതീഷ് എം.എൽ.എ സ്‌കൂളിലെത്തി പ്രധാന അദ്ധ്യാപികയും പി.ടി.എ അംഗങ്ങളുമായി ചർച്ച നടത്തി കരാറുകാരനെതിരെ കേസെടുക്കാൻ ആവശ്യപ്പെട്ടത്.
(ഫോട്ടോ അടിക്കുറിപ്പ്....ഊരൂട്ടമ്പലം ഗവ: എൽ.പി സ്‌കൂളിലെ കെട്ടിടം പൊളിച്ച് അവശിഷ്ടങ്ങൾ ഐ.ബി. സതീഷ് എം.എൽ.എ വീക്ഷിക്കുന്നു.
(2) സ്കൂൾ അധികൃതരോടും പൊലീസിനോടും കരാറുകാരന്റെ പേരിൽ കേസെടുക്കണമെന്ന് എം.എൽ.എ ആവശ്യപ്പെടുന്നു)