mullappally-ramachandran

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ച് പിണറായി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. പുതിയ നിരക്ക് ഒരിക്കലും അംഗീകരിക്കാനാവില്ല. കേന്ദ്രവും സംസ്ഥാനവും ഒറ്റക്കെട്ടായാണ് ജനങ്ങളുടെ മേൽ അമിതഭാരം അടിച്ചേല്പിക്കുന്നത്. ബഡ്‌ജറ്റിൽ മോദി ഇന്ധന വില വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് പിണറായിയുടെ വൈദ്യുതി നിരക്കിന്റെ പേരിലുള്ള ഷോക്കടിപ്പിക്കൽ. മഹാപ്രളയത്തിന്റെ വാർഷികം അടുക്കുമ്പോഴാണ് കേന്ദ്രവും സംസ്ഥാനവും ജനങ്ങളെ പിഴിയുന്നത്.
കാരുണ്യ ബെനവലന്റ് പദ്ധതി നിറുത്താനുള്ള തീരുമാനത്തിലൂടെ 25 ലക്ഷം രോഗികളെയും അവരുടെ നിരാലംബരായ കുടുംബങ്ങളെയും പിണറായി സർക്കാർ ദുരിതത്തിലാക്കി. എല്ലാ അർത്ഥത്തിലും ജനദ്രോഹ സർക്കാരാണിത്. എത്രയും വേഗം വർദ്ധിപ്പിച്ച വൈദ്യുതി നിരക്ക് പിൻവലിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.