sc

തിരുവനന്തപുരം: സുപ്രീംകോടതി അംഗീകരിച്ച സ്വാശ്രയനിയമപ്രകാരമല്ല ഇത്തവണ ഫീസ് നിശ്ചയിച്ചതെന്നും ചട്ടങ്ങൾപാലിക്കാതെ നിശ്ചയിച്ച ഫീസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സ്വാശ്രയലോബി നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഇന്റർചർച്ച് കൗൺസിലിന്റെ 4 കോളേജുകൾ സർക്കാരിനെതിരെ ഇന്ന് ഹൈക്കോടതിയിൽ ഹർജിനൽകും.

ഫീസ് നിശ്ചയിക്കാനാവശ്യമായ രേഖകൾ ജസ്റ്റിസ്.രാജേന്ദ്രബാബു സമിതിക്ക് നൽകാതെ, നടപടിക്രമങ്ങളെല്ലാം അട്ടിമറിച്ച ശേഷമാണ് പുതിയ ഫീസിനെതിരെ സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റുകൾ സുപ്രീംകോടതിയിലെത്തിയത്.എൻ.ആർ.ഐ ക്വോട്ടയിൽ ഫീസ് 30ലക്ഷവും ബാക്കി സീറ്റുകളിൽ 15ലക്ഷവുമാക്കണമെന്നും ഫീസിൽ തീരുമാനമുണ്ടാകും വരെ അലോട്ട്മെന്റ് തടയണമെന്നുമാണ് ആവശ്യം. 19 സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ 85 ശതമാനം സീറ്റിൽ 5.85 ലക്ഷം മുതൽ 7.19 ലക്ഷം രൂപ വരെയും 15 ശതമാനം എൻ.ആർ.ഐ സീറ്റിൽ 20 ലക്ഷം രൂപയുമാണ് ജസ്റ്റിസ്.രാജേന്ദ്രബാബു സമിതി നിശ്ചയിച്ച ഫീസ്.

രേഖകൾ

മറച്ചുവച്ചു

കോളേജുകളുടെ വരവ്-ചെലവ് കണക്കും ഭൂമി വിലയുമടക്കം ഏഴ് ഘടകങ്ങൾ പരിഗണിച്ചുവേണം ഫീസ് നിശ്ചയിക്കാൻ. പക്ഷേ, 12 മുതൽ 22 ലക്ഷം വരെ ഫീസാവശ്യപ്പെട്ടതല്ലാതെ ആവശ്യമായ രേഖകൾ ഒരു കോളേജും ഹാജരാക്കിയില്ല.

നിയമത്തിലെ ഏഴ് വ്യവസ്ഥകൾ പാലിച്ച് കോളേജുകൾക്ക് നോട്ടീസ്‌ നൽകി, കണക്കുകൾ പരിശോധിച്ച്, ഹിയറിംഗ് നടത്തി ഫീസ് നിശ്ചയിക്കാൻ കുറഞ്ഞത് മൂന്നാഴ്ച വേണം. എട്ടിന് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്ന സാഹചര്യത്തിൽ രേഖകൾക്കായി കാത്തുനിൽക്കാൻ ജസ്റ്റിസ് രാജേന്ദ്രബാബു സമിതിക്കാവുമായിരുന്നില്ല. ഫീസ് നിശ്ചയിച്ചില്ലെങ്കിൽ കോളേജുകൾ പ്രോസ്പെക്ടസിൽ അച്ചടിച്ച ഉയർന്ന ഫീസീടാക്കേണ്ടി വരുമായിരുന്നു. നിശ്ചിത സമയത്തിനകം അലോട്ട്മെന്റ് നടത്താനായില്ലെങ്കിൽ സീറ്റുകൾ സർക്കാരിന് നഷ്ടമാവും. ഇതൊഴിവാക്കാൻ 2017-18ൽ നിശ്ചയിച്ച ഫീസ് അടിസ്ഥാനമാക്കി എല്ലാ കോളേജുകൾക്കും 10ശതമാനം വർദ്ധന അനുവദിക്കുകയായിരുന്നു.

നടപടിക്രമങ്ങളിലെ വീഴ്ചയാണ് മാനേജ്മെന്റുകൾ ചോദ്യംചെയ്യുന്നത്. ആദ്യഘട്ട ചർച്ചയിൽ ,അലോട്ട്മെന്റുമായി സഹകരിക്കുമെന്ന പ്രതീതി സൃഷ്ടിച്ച്, സർക്കാരിനെ വലയിൽ വീഴ്‌ത്തുകയാണ് സ്വാശ്രയലോബി ചെയ്തത്.

എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിൽ നേരത്തേ നടന്നിരുന്ന 1500 കോടിയുടെ കോഴയിടപാട് നീറ്റ് വന്നതോടെ നിലച്ചിരുന്നു. മാനേജ്മെന്റ് ക്വോട്ടയിൽ ഒന്നരക്കോടിയും എൻ.ആർ.ഐയിൽ രണ്ടുകോടിയും വാങ്ങി സ്വന്തമായി പ്രവേശനം നടത്തിയിരുന്നവർക്ക് ജസ്റ്റിസ് രാജേന്ദ്രബാബു സമിതി നിശ്ചയിച്ച ഫീസ് ഉൾക്കൊള്ളാനാവുന്നില്ല. എൻ.ആർ.ഐ ഫീസ് 30ലക്ഷമാക്കണമെന്നാണ് സ്വാശ്രയക്കാരുടെ ആവശ്യമെങ്കിലും, കഴിഞ്ഞവർഷങ്ങളിൽ 20ലക്ഷം പ്രതിവർഷ ഫീസ് നൽകി പഠിക്കാൻ കുട്ടികളില്ലാതിരുന്നതിനാൽ നൂറോളം സീറ്റുകൾ മെരിറ്റിലേക്ക് മാറ്റിയിരുന്നു.

''നിയമത്തിൽ പറയുന്ന രേഖകൾ ആരും സമർപ്പിച്ചില്ല. ലഭ്യമായ കണക്കുകൾ പരിശോധിച്ച് എല്ലാവർക്കും ഹിയറിംഗ് നടത്തി. മറ്റ് മാർഗ്ഗമില്ലാത്തതിനാൽ 10ശതമാനം വർദ്ധനവരുത്തി.''

ജസിറ്റിസ് രാജേന്ദ്രബാബു

ഫീസ്‌ നിർണയസമിതി തലവൻ

''കുട്ടികളെ ബലിയാടാക്കില്ല. കോടതി വിധിച്ചാൽ ഉയർന്നഫീസ് നൽകാമെന്ന് ബോണ്ട് നൽകുന്നവരെ പ്രവേശിപ്പിക്കും.

പി.ജി.ഇഗ്നേഷ്യസ്

ക്രിസ്ത്യൻ പ്രൊഫഷണൽ കോളേജ് മാനേജ്മെന്റ് ഫെഡറേഷൻ