private-bus

ആറ്റിങ്ങൽ: നിയന്ത്രണമില്ലാതെ പായുന്ന സ്വകാര്യ ബസുകൾ വിതയ്ക്കുന്ന അപകടങ്ങൾ നാൾക്കുനാൾ വർദ്ധിക്കുകയാണ്. കഴിഞ്ഞ ആറുമാസത്തിനിടെ നിരവധി അപകടങ്ങളാണ് സ്വകാര്യ ബസുകൾ ഉണ്ടാക്കിയത്. ഇതിൽ ഒരാൾക്ക് ജീവഹാനിയും അനേകംപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മാത്രം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനായി ആർ.ടി.ഒയും പൊലീസും രംഗത്തെത്തുമെങ്കിലും കാര്യങ്ങൾ വീണ്ടും പഴയപടിയാകുമെന്നാണ് ആക്ഷേപം. ഇന്നലെ ബസിൽ നിന്നു വീണ് ഏഴാം ക്ലാസുകാരന് പരിക്കേറ്റതാണ് അവസാന സംഭവം. സ്വകാര്യ ബസുകളെ നിയന്ത്രിക്കാൻ കർശനമായ നിയമ നടപടികൾ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം

ഈ വർഷത്തെ അപകട വിവരങ്ങൾ

  1. ജൂൺ 24 ന് രാവിലെ 10 ന് ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ സ്കൂട്ടറിൽ വരികയായിരുന്ന അഭിഭാഷകനായ ഹെർത്ത സി. പെരേരയെ ഇടിച്ചു തെറിപ്പിച്ചു. നിറുത്താതെ പോയ ബസിനെ നാട്ടുകാരാണ് തടഞ്ഞിട്ടത്.

  1. മേയ് 2 ന് മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർത്ഥിയെ മർദ്ദിച്ച് അവശനാക്കി. കോരാണി പ്ലാവിള വീട്ടിൽ വിജയകുമാർ - വന്ദന ദമ്പതികളുടെ മകൻ പ്രണവിനാണ് (13)​ മർദ്ദനമേറ്റത്.
  2. ഏപ്രിൽ 20 ന് റോഡ് മുറിച്ചുകടക്കുന്നതിനിടെ മാമത്തിന് സമീപം സ്വകാര്യ ബസിടിച്ച് ആലംകോട് തൊപ്പിചന്ത സ്വദേശി നിർമ്മലയ്ക്ക്(67) പരിക്കേറ്റു. ബസിന്റെ ടയർ കാലിലൂടെ കയറി ഇറങ്ങി ഇവർ ഇപ്പോഴും ചികിത്സയിലാണ്.
  3. ഫെബ്രുവരി 25 ന് സ്കൂട്ടറിനു പിന്നിൽ സ്വകാര്യ ബസിടിച്ച് ബാലരാമപുരം അന്തിയൂർ തച്ചൻവിളാകത്തു വീട്ടിൽ ശ്രീകുമാർ (42)​ മരണമടഞ്ഞു. ടി.ബി ജംഗ്ഷനു സമീപമായിരുന്നു അപകടം.
  4. ഫെബ്രുവരി 16 ന് എസ്.പി.സി വിദ്യാർത്ഥികളെ എസ്.ടി നൽകാതെ സ്വകാര്യ ബസിൽ നിന്നും ഇറക്കിവിട്ടത് ഏറെ വിവാദമായി. അവനവഞ്ചേരി ഗവ. സ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളായ ആറ് കുട്ടികളോടാണ് ഊരൂപൊയ്ക റൂട്ടിൽ ഓടുന്ന ബസ് ജീവനക്കാർ അവകാശ ലംഘനം നടത്തിയത്.

  1. ഫെബ്രുവരി 4 ന് മത്സര ഓട്ടത്തിനിടെ പൂവമ്പാറ പാലത്തിന് സമീപം സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് വിദ്യാർത്ഥികൾ ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റു.

പ്രതികരണം

സേഫ് കേരള എൻഫോഴ്സ്‌മെന്റ് വിംഗ് തിരുവനന്തപുരം യൂണിറ്റിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ,​ വർക്കല താലൂക്കുകളിലെ സ്വകാര്യ ബസുകളിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. അന്ന് 88 കേസുകളിൽ നിന്നായി 32,​500 രൂപ ഫൈൻ ഇടാക്കിയിരുന്നു. യാത്രാക്ലേശ പരാതികൾ ഉണ്ടായാൽ അറിയിക്കാനുള്ള നമ്പരും അന്ന് നൽകിയിരുന്നു. കുറ്റക്കാരായ സ്വകാര്യ ജീവനക്കാർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും.

-കെ. ജോഷി,​ സേഫ് കേരള റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ

പരാതികൾ അറിയിക്കേണ്ട ഫോൺ നമ്പർ‌: 8281786097, 8547639016.

കണ്ടെത്തിയ ക്രമക്കേടുകൾ

ലൈസൻസുള്ള കണ്ടക്ടർമാർ ഒരാളേ ഉണ്ടായിരുന്നുള്ളു

ചെവി അടയ്ക്കുന്ന തരത്തിൽ പാട്ട് വച്ച് ബസ് ഓടിക്കുക

ഡ്രൈവർ കാബിൻ ഇല്ലാതെയുള്ള വാഹനങ്ങൾ

കുട്ടികൾ കൈകാണിച്ചാൽ നിറുത്താത്തത്

സ്പീഡ് ഗവർണർ ഇല്ലാത്ത ബസുകൾ

സമയം തെറ്റി ഓടിയ ബസുകൾ

റൂട്ട് ഓടാതെ ട്രിപ്പ് കട്ട് ചെയ്യുന്ന ബസുകൾ