തിരുവനന്തപുരം: ശബരിമലയിൽ സന്നിധാനം സ്ഥിതിചെയ്യുന്നതുൾപ്പെടെയുള്ള സ്ഥലത്തിന്റെ പേരിൽ ദേവസ്വംബോർഡും വനം വകുപ്പും തമ്മിൽ നിലനിന്ന തർക്കത്തിന് പരിഹാരമായി. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും വനംവകുപ്പ് മന്ത്രി കെ. രാജുവിന്റെയും സാന്നിദ്ധ്യത്തിൽ സെക്രട്ടേറിയറ്റ് (അനക്സ്) കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയിലെത്തിയത്.
സന്നിധാനവും പരിസരവുമുൾപ്പെട്ട 94 ഏക്കർ സ്ഥലത്തെ ചൊല്ലിയായിരുന്നു തർക്കം. നിലവിൽ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള സ്ഥലത്തിൽ 63 ഏക്കർ ഒഴികെയുള്ളതിന്റെ അവകാശം തങ്ങൾക്കാണെന്നായിരുന്നു വനം വകുപ്പിന്റെ നിലപാട്. ഇതിന്റെ അടിസ്ഥാനത്തിൽ വനം, റവന്യൂ, ദേവസ്വം ബോർഡ് പ്രതിനിധികളെ ഉൾപ്പെടുത്തി സംയുക്ത സർവേ സംഘത്തെ ഹൈക്കോടതി നിയോഗിച്ചു. സർവേയിൽ 94 ഏക്കറും ദേവസ്വം ബോർഡിന് അധികാരപ്പെട്ടതാണെന്ന് കണ്ടെത്തുകയും റിപ്പോർട്ട് ഹൈക്കോടതിക്ക് സമർപ്പിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ തങ്ങൾക്കുള്ള എതിർപ്പ് വനംവകുപ്പും ഹൈക്കോടതിയെ അറിയിച്ചു. 63 ഏക്കറിന്റെ കാര്യത്തിൽ തർക്കമില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. എന്നാൽ 94 ഏക്കറും മുന്നിൽ കണ്ടുകൊണ്ട് ശബരിമല മാസ്റ്റർപ്ളാൻ തയ്യാറാക്കാനും കോടതിയുടെ അന്തിമ ഉത്തരവ് വരും മുമ്പ് 63 ഏക്കറിൽ മാത്രം നിർമ്മാണം നടത്താമെന്നും ഇന്നലെ യോഗത്തിൽ തീരുമാനമായി.
റോപ് വേ തൂണുകൾ:
മണ്ണ് പരിശോധനയ്ക്ക്
അനുമതി
പ്രളയകാലത്ത് പമ്പയിൽ അടിഞ്ഞുകൂടിയ മണലിൽ 200 ക്യുബിക് മീറ്റർ സൗജന്യമായി ദേവസ്വം ബോർഡിന്റെ ആവശ്യങ്ങൾക്ക് നൽകും. ഇന്ന് മുതൽ മണൽ നീക്കിത്തുടങ്ങും. ബാക്കി മണൽ അടിയന്തരമായി സർക്കാർ ഉടമസ്ഥതയിലുള്ള ഏതെങ്കിലും ഏജൻസിക്ക് വിലയ്ക്ക് നൽകണം. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് റോപ് വേ നിർമ്മിക്കാൻ സംയുക്ത സർവേ സംഘത്തിന്റെ റിപ്പോർട്ടും ഹൈക്കോടതിക്ക് സമർപ്പിച്ചു. ഇതിനുള്ള തൂണുകൾ നിർമ്മിക്കാൻ പമ്പയിൽ മണ്ണ് പരിശോധന നടത്താൻ വനം വകുപ്പ് അനുമതി നൽകി. മറ്രു ഭാഗത്ത് വനം വകുപ്പിന്റെ അനുമതി കിട്ടാൻ ബോർഡ് കോടതിയെ സമീപിക്കും.
നിലയ്ക്കലിൽ ശബരിമല മാസ്റ്റർ പ്ളാനിലെ നിർമ്മാണജോലികൾ തുടങ്ങുന്നതിൽ എതിർപ്പില്ലെന്നും വനം വകുപ്പ് വ്യക്തമാക്കി.
ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, മെമ്പർമാരായ കെ.പി. ശങ്കരദാസ്, എൻ. വിജയകുമാർ, ശബരിമല ഹൈപവർ കമ്മിറ്റി ചെയർമാൻ ജസ്റ്രിസ് സിരിജഗൻ, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്ര് കൺസർവേറ്റർ, ദേവസ്വം ചീഫ് എൻജിനിയർ, ദേവസ്വം, റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥ മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.