psc

തിരുവനന്തപുരം: അഡ്വൈസ് മെമ്മോ (നിയമന ശുപാർശ) ഉദ്യോഗാർത്ഥികൾക്ക് കമ്മിഷന്റെ ഓഫീസിൽ വച്ച് നേരിട്ട് കൈമാറുന്നതിന് പി.എസ്.സി യോഗത്തിന്റെ തീരുമാനം. നിലവിൽ സാധാരണ തപാലിലാണ് അഡ്വൈസ് മെമ്മോ അയയ്ക്കുന്നത്. പലപ്പോഴും ഉദ്യോഗാർത്ഥികൾക്ക് ഇത് ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്. മെമ്മോയുടെ ഡ്യൂപ്ലിക്കേറ്റ് നൽകുന്നതിന് നിലവിൽ വ്യവസ്ഥയുമില്ല. പകരം നിയമന ശുപാർശ ചെയ്തുവെന്ന അറിയിപ്പ് നൽകാൻ മാത്രമേ കഴിയൂ. അഡ്വൈസ് മെമ്മോ കമ്മിഷന്റെ ഓഫീസിൽ ഹാജരായി ഉദ്യോഗാർത്ഥി കൈപ്പറ്റുന്നതോടെ ഇതിന് പരിഹാരമാകും.

25 മുതൽ അംഗീകരിക്കുന്ന നിയമന ശുപാർശകൾക്കാണ് പുതിയ നടപടിക്രമം ബാധകമാകുക. ആഗസ്റ്റ് 5 ന് കമ്മിഷന്റെ ആസ്ഥാന ഓഫീസിൽ അഡ്വൈസ് മെമ്മോ വിതരണം ആരംഭിക്കും. മേഖല, ജില്ലാ ആഫീസുകളിൽ തുടർന്നുളള ദിവസങ്ങളിലായി വിതരണം ചെയ്യും.
അഡ്വൈസ് മെമ്മോ വിതരണം ചെയ്യുന്ന തീയതി അടക്കമുളള വിവരം ബന്ധപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് തപാൽ, പ്രൊഫൈൽ, മൊബൈൽ സന്ദേശങ്ങളിലൂടെ നൽകും. നിശ്ചിത ദിവസം കൈപ്പറ്റാത്ത ഉദ്യോഗാർത്ഥികൾക്ക് തുടർന്നുളള ദിവസങ്ങളിലും അതാത് പി.എസ്.സി ഓഫീസിൽ നിന്നു കൈപ്പറ്റാം.
ജോലിയിൽ പ്രവേശിക്കുമ്പോഴും നിയമന പരിശോധനാവേളയിലും അഡ്വൈസ് മെമ്മോ അത്യന്താപേക്ഷിത രേഖയാണ്. അഡ്വൈസ് മെമ്മോ ബന്ധപ്പെട്ട ഉദ്യോഗാർത്ഥി തന്നെയാണ് കൈപ്പറ്റുന്നത് എന്ന് ഇതുമൂലം കമ്മിഷന് ഉറപ്പാക്കാൻ കഴിയും. ഉദ്യോഗാർത്ഥികൾ കൈപ്പറ്റാത്ത അഡ്വൈസ് മെമ്മോകളിൽ നിന്നും നിയമനത്തിനായി ഹാജരാകാത്ത ഉദ്യോഗാർത്ഥികളുടെ വിവരം മനസിലാക്കാനും എൻ.ജെ.ഡി ഒഴിവുകളിലേക്കുളള നിയമന ശുപാർശാ നടപടികൾ ത്വരിതപ്പെടുത്തുവാനും ഈ നടപടിക്രമം സഹായകരമാകും.