നെടുമങ്ങാട്: ക്ഷീരകർഷകർക്കായി നിരവധി പദ്ധതികൾ നടപ്പിലാക്കിയെങ്കിലും ഫലത്തിൽ ഒന്നുമില്ലായെന്ന് പറയുന്നതാകും ശരി.ക്ഷീര മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാതെ വീണ്ടും പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നത് തുടരുന്ന പ്രവണതയാണ് ഇന്നുള്ളത്.പാലിന് നിശ്ചിത വില ലഭിക്കാതെയും പുല്ലും വെള്ളവും മരുന്നും കിട്ടാതെയും കന്നുകാലി പരിചരണം പ്രതിസന്ധിയിലാണ്.പാലിന്റെ ഗുണമേന്മയെ ആശ്രയിച്ച് വില നിശ്ചയിക്കുന്ന അധികൃതർ കർഷകരുടെ അദ്ധ്വാനത്തിന് പുല്ല് വിലകല്പിക്കുകയാണെന്നാണ് കർഷക വിലാപം.
സങ്കരയിനത്തിൽപ്പെട്ട ജഴ്‌സി,എച്ച്.എഫ് എന്നീ രണ്ടുതരം പശുക്കളാണ് നെടുമങ്ങാട് താലൂക്കിലെ കർഷകർ വളർത്തുന്നത്.രണ്ടാമത്തെ ഇനത്തിലെ പശുക്കളിലാണ് പാൽ ഉത്പാദനംകൂടുതൽ.ഗുണമേന്മയെ അടിസ്ഥാനമാക്കിയുള്ള പശുവളർത്തൽ ഇപ്പോഴും കർഷകർക്ക് അന്യമാണ്. രണ്ടുതരം പശുക്കളുടേയും പാൽ വിലയിൽ വലിയ വ്യത്യാസമുണ്ട്.കന്നുകുട്ടികളെ സർക്കാർ ദത്തെടുത്ത് പാതി വിലയിൽ തീറ്റ നൽകുന്ന സ്കീമുകളും കർഷകരിലേയ്ക്ക് എത്തിയിട്ടില്ല.
ആനാട്, അരുവിക്കര, കരകുളം, പനവൂർ, വെമ്പായം ഗ്രാമപഞ്ചായത്തുകളിൽ കഴിഞ്ഞവർഷം 49.4 ലക്ഷം രൂപ പാൽ സബ്‌സിഡി ഇനത്തിലും 46.2 ലക്ഷം രൂപ കാലിത്തീറ്റ സബ്‌സിഡി ഇനത്തിലും ചെലവഴിച്ചതായി രേഖയുണ്ടെങ്കിലും എത്ര കർഷകർക്ക് ആനുകൂല്യം ലഭിച്ചെന്ന് വ്യക്തമല്ല. ജില്ലാ പഞ്ചായത്ത് പശു വാങ്ങുന്നതിനുള്ള റിവോൾവിംഗ് ഫണ്ട് 2 ലക്ഷം രൂപ വീതം നെടുമങ്ങാട് ബ്ലോക്കിലെ നാല് ക്ഷീരസംഘങ്ങൾക്ക് അനുവദിച്ചിട്ടുണ്ട്. 20 ക്ഷീരകർഷകർക്ക് പശു വാങ്ങുന്നതിന് പലിശരഹിത വായ്പയായി 40,000 രൂപ വീതവും വിതരണം ചെയ്തിരുന്നു. യഥാർത്ഥ കർഷകരുടെ ദുരിതം അകറ്റാൻ ഇതൊന്നും പര്യാപ്തമായില്ലെന്നാണ് പരക്കെ ഉയരുന്ന പരാതി.
പാൽ സൊസൈറ്റികളിൽ പല തരത്തിലാണ് കർഷകന് വില നൽകുന്നത്.
സൊസൈറ്റിയിൽ (1 ലിറ്റർ പാൽ)
35 മുതൽ 38 രൂപ വരെ
കടകളിലും വീടുകളിലും : 50 രൂപ
പദ്ധതികൾ
1.തീറ്റപ്പുൽക്കൃഷി പദ്ധതി
20 സെന്റിൽ അധികം തീറ്റപ്പുൽക്കൃഷി ചെയ്യുന്ന കർഷകർക്ക് ഹെക്ടറിന് 15,000/- രൂപാ നിരക്കിൽ സബ്സിഡി
20 സെന്റിൽ താഴെ തീറ്റപ്പുൽക്കൃഷി ചെയ്യുന്ന കർഷകർക്ക് നടീൽ വസ്തുക്കൾ മാത്രം സൗജന്യമായി നല്കുന്നു.
സെന്റ് ഒന്നിന് 10 രൂപ നിരക്കിൽ രജിസ്‌ട്രേഷൻ ചെയ്‌താൽ കൃഷി ചെയ്യാൻ സെന്റ് ഒന്നിന് 50 രൂപയും നൽകുന്നു.
ഫലം: സാധാരണ കർഷകർക്ക് പ്രയോജനമില്ല
2. അസോളക്കൃഷി
80 രൂപ മുടക്കി രജിസ്റ്റർ ചെയ്‌താൽ പായൽതീറ്റ (അസോള) നല്കുമെന്ന് പ്രഖ്യാപനം
ഫലം: കൃഷിയിടം സംബന്ധിച്ച മാനദണ്ഡം വില്ലനായി
3.കിടാരികളുടെ ജനന രജിസ്ട്രേഷൻ
പശുക്കുട്ടി ജനിച്ചാൽ മൃഗാശുപത്രിയിൽ രജിസ്റ്റർ ചെയ്യണമെന്ന് പശുവളർത്തലിൽ ഏർപ്പെട്ടിരിക്കുന്ന ഭൂരിഭാഗം പേർക്കും അറിയില്ല.
ഫലം: 6 മുതൽ 32 മാസത്തെ പരിചരണവും വിര ഇളക്കാനുള്ള മരുന്നും ധാതുലവണ മിശ്രിതവും ഒട്ടുമിക്ക കർഷകരും നഷ്ടപ്പെടുത്തുന്നു.
4.കാലിത്തീറ്റ ധനസഹായം
ക്ഷീരസഹകരണ സംഘങ്ങളിൽ പാൽ നൽകുന്ന ക്ഷീര കർഷകർക്ക് പാലിന്റെ അളവ് അനുസരിച്ച് ലിറ്ററിന് ഒരു രൂപ നിരക്കിൽ കാലിത്തീറ്റയുടെ വിലയിൽ സബ്സിഡി കർഷകന്റെ ബാങ്ക് അക്കൗണ്ട് വഴി നൽകുന്നു.
അപേക്ഷാഫോറവും അനുബന്ധരേഖകളും സംഘത്തിൽ പാൽ നല്കിയ സ്റ്റേറ്റ്മെന്റ് ഉൾപ്പെടെ ക്ഷീരസഹകരണ സംഘങ്ങൾ മുഖേന ക്ഷീര വികസന യൂണിറ്റ് ഓഫീസിൽ സമർപ്പിക്കണം