melppalam

ചിറയിൻകീഴ്: ചിറയിൻകീഴ് മേൽപ്പാലത്തിന് റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്മെന്റ് കോർപറേഷൻ ടെൻഡർ ക്ഷണിച്ചു. 18.02 കോടി രൂപയ്ക്കാണ് ഇ-ടെൻഡർ ക്ഷണിച്ചത്. മേൽപ്പാല നിർമാണവുമായി ബന്ധപ്പെട്ട് 'കാത്തിരിപ്പിന് വിട; ഓവർബ്രിഡ്ജിന് ഭൂമി ഏറ്റെടുക്കൽ വേഗത്തിൽ' എന്ന തലക്കെട്ടിൽ കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കുമെന്നും അന്ന് റിപ്പോർട്ട് ചെയ്തിരുന്നു. മേൽപ്പാലത്തിന് കേരള ഇൻഫ്രാ സ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബോ‌ർഡിന്റെ (കിഫ്ബി) അംഗീകാരം ലഭിച്ചിട്ടുണ്ട്. വലിയകട മുതൽ പണ്ടകശാലവരെയാണ് മേൽപ്പാലത്തിനായി സ്ഥലം എടുത്തിരിക്കുന്നത്. ഇതിൽ വലിയകട മുതൽ ബസ് സ്റ്റാൻഡ് വരെ എ കാറ്റഗറിയും ബസ് സ്റ്റാൻഡ് മുതൽ പണ്ടകശാല വരെ ബി കാറ്റഗറിയുമായാണ് സർക്കാർ തിട്ടപ്പെടുത്തിയിരിക്കുന്നത്. എ കാറ്റഗറിക്ക് 9 ലക്ഷവും ബി കാറ്റഗറിക്ക് 7.9 ലക്ഷം രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. എ വിഭാഗത്തിൽ നിന്നും 20.74 ആറും ബിയിൽ നിന്ന് 19.02 ആറും ഉൾപ്പെടെ 39.76 ആർ വസ്തുവാണ് ഏറ്റെടുക്കുന്നത്. റെയിൽവേ ഗേറ്റിന് കുറുകെ 11 മുതൽ 19 മീറ്റർ വരെ വീതിയിലും 700 മീറ്റർ നീളത്തിലുമായാണ് മേൽപ്പാലം പണിയുന്നത്. സ്ഥലം ഏറ്റെടുക്കുന്നതിനും നിർമാണ പ്രവർത്തനങ്ങൾക്കുമായി 25 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പാലത്തിന്റെ ഇരുവശത്തും അപ്രോച്ച് റോഡും വലിയകട ജംഗ്ഷനിൽ ട്രാഫിക് ഐലന്റും പണിയാനാണ് രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്.

ടെൻഡർ ക്ഷണിച്ചത് -18.02 കോടി

നിർമ്മാണം 2 കാറ്റഗറിയിലായി

എ- കാറ്റഗറിക്ക് 9ലക്ഷം

ബി- കാറ്റഗറിക്ക് 7.9 ലക്ഷം

ആകെ വകയിരുത്തിയത്- 25 കോടി