കിളിമാനൂർ: ആത്മിയതയുടെയും വിശ്വാസങ്ങളുടെയും പേര് പറഞ്ഞ് വികസനത്തിന് തടസം നിൽക്കുകയാണ് ഒരു കൂട്ടരെന്ന് മന്ത്രി ജി. സുധാകരൻ. പഴയകുന്നുമ്മൽ പഞ്ചായത്തിലെ റോഡുകളുടെ നിർമ്മാണ ഉദ്ഘാടനവും പൂർത്തിയായ റോഡിന്റെ ഉദ്ഘാടനവും നിർവഹിച്ച് സംസാരി ക്കുകയായിരുന്നു അദ്ദേഹം. പക്ഷി കാഷ്ടിച്ച് മുളയ്ക്കുന്ന ആൽ മരത്തിലും ആത്മീയത കണ്ട് വികസനം തടയുകയാണ്. സംസ്ഥാനത്തിലുടെ കടന്നുപോകുന്ന ദേശീയ പാതകളുടെ വികസനത്തിന് കേന്ദ്ര ഗവൺമെന്റ് കണ്ണടക്കുന്നു. ചിലയിടങ്ങളിൽ റോഡ് വികസനവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ മർദ്ദിക്കുന്ന സംഭവങ്ങൾ കണ്ടു വരുന്നു. അങ്ങനെ ഉള്ളവർക്കെതിരെ നടപടി എടുക്കാത്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പഴയകുന്നുമ്മൽ പഞ്ചായത്തിലെ അടയമൺ മുതൽ മൂന്നു കല്ലിൻമുക്ക് വരെയും മൊട്ടക്കുഴി മുതൽ ആനന്ദൻ മുക്ക് വരെയുമുള്ള റോഡിന്റെ നിർമ്മാണ ഉദ്ഘാടനവും പൊലിസ് സ്റ്റേഷൻ മുതൽ മൊട്ടക്കുഴി വരെ പണി പൂർത്തീകരിച്ച റോഡിന്റെ ഉദ്ഘാടനവുമാണ് മന്ത്രി നിർവഹിച്ചത്. ബി.സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. സിന്ധു, ജില്ലാ പഞ്ചായത്തംഗം വൈസ് പ്രസിഡന്റ് കെ. രാജേന്ദ്രൻ, പഞ്ചായത്തംഗങ്ങളായ പി. ലാലി, ജി. രതീഷ്, കെ.എസ്. ഷിബു, എം.ഡി.എസ് അജിതകുമാരി, എസ്. ജാഫർ, ടി. പ്രസന്ന, വി. ഗോവിന്ദൻ പോറ്റി, എസ്. ജലജ, ബ്ലോക്ക് അംഗം മായ, ജി. ബാബു കുട്ടൻ എന്നിവർ പങ്കെടുത്തു.