പാറശാല: തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് 750 ഗ്രാം കഞ്ചാവുമായി എത്തിയ യുവാവ് പാറശാല റയിൽവേ പൊലീസിന്റെ പിടിയിലായി. എറണാകുളം തൃക്കാക്കര വില്ലേജിൽ ഇടപ്പള്ളി ഹൈസ്‌കൂൾ ജംഗ്‌ഷനിൽ സജീവൻ എന്ന ആളിന്റെ വീട്ടിൽ വാടകക്ക് താമസിക്കുന്ന ശ്രീക്കുട്ടൻ (20) ആണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചക്ക് 11.50 ന് പാറശാല സ്റ്റേഷനിൽ എത്തിയ ഐലൻഡ് എക്സ്പ്രസിലെ യാത്രക്കാരനായിരുന്നു ഇയാൾ. ട്രെയിനുകളിൽ നടത്തിവരുന്ന പരിശോധനയ്ക്കിടെയാണ് ബാഗിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെടുത്തത്. പാറശാല റയിൽവേ സ്റ്റേഷനിലെ എസ്.ഐ. അബ്ദുൽ വഹാബ്, ഗ്രേഡ് എസ്.ഐ. ശ്രീകുമാർ, എസ്.സി.പി.ഒ ശിവകുമാർ, സി.പി.ഒ പ്രഭാകരൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഞ്ചാവ് എറണാകുളത്തും മറ്റും ചില്ലറ വിൽപനക്കായി വാങ്ങിക്കൊണ്ട് വരുന്നതാണെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. നെയ്യാറ്റിൻകര കോടതി പ്രതിയെ റിമാൻഡ് ചെയ്തു.