തിരുവനന്തപുരം : നഗരത്തിൽ സ്വർണ വ്യാപാരിയെ ആക്രമിച്ച് ഒന്നര കിലോ സ്വർണം കവർന്ന കേസിൽ രണ്ടു പേർ കൂടി അറസ്റ്റിലായി. തൃശൂർ മണ്ണുത്തി സ്വദേശി ആഷിക് (19), കുട്ടനെല്ലൂർ സ്വദേശി സലീഷ് (29) എന്നിവരുടെ അറസ്റ്റാണ് ഫോർട്ട് പൊലീസ് ഇന്നലെ രേഖപ്പെടുത്തിയത്. ഇവരെ ശനിയാഴ്ച രാത്രിയോടെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. സംഭവത്തിൽ ഇരുവർക്കും നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച അഞ്ചു പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒരാൾ കൂടി പൊലീസ് കസ്റ്റഡിയിൽ ഉള്ളതായാണ് സൂചന.
റിമാൻഡ് പ്രതികൾക്കായുള്ള കസ്റ്റഡി അപേക്ഷ ഇന്ന് നൽകും. ഇതിന് ശേഷം തൊണ്ടി മുതൽ കണ്ടെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ശ്രീവരാഹത്ത് വച്ച് ബിജുവിനെ ആക്രമിച്ച് സ്വർണം കവരുമ്പോൾ സംഘമെത്തിയ കാറിൽ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. ഇതിൽ ഒല്ലൂക്കര മണ്ണൂത്തി മംഗലശേരി വീട്ടിൽ റിയാസ് (36), പേരാമംഗലം ആലം പാണ്ടിയത്ത് വീട്ടിൽ മനു എന്നു വിളിക്കുന്ന സനോജ് (21) എന്നിവരെ ശനിയാഴ്ചയും ആഷിക്, സലീഷ് എന്നിവരെ ഞായറാഴ്ചയും പിടികൂടിയതോടെ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത നാലു പേരും അറസ്റ്റിലായി. ഇനി കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒരാൾ മാത്രമാണ് പിടിയിലാകാൻ ഉള്ളത്. കവർച്ചയ്ക്ക് സഹായം നൽകിയ തൃശൂർ കടങ്ങോട് വീട്ടിൽ അനിൽകുമാർ (42), വെള്ളിയാലിക്കൽ കണിമംഗലം തോട്ടുങ്കൽ വീട്ടിൽ നവീൻ (29), ആലപ്പറ കണ്ണറ പയ്യംകൂട്ടിൽ സതീഷ് (40) എന്നിവരാണ് നേരത്തേ പിടിയിലായ മറ്റു പ്രതികൾ. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ 4.20ന് ശ്രീവരാഹത്ത് വച്ചായിരുന്നു സംഭവം. തൃശൂരിൽ നിന്ന് സ്വർണവുമായെത്തിയ ബിജു വാടകവീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു കവർച്ച.