parashuvaikkal

പാറശാല: പൊതുവഴിയിൽ കോഴി മാലിന്യങ്ങൾ നിക്ഷേപിച്ചെന്ന് പരാതി. പരശുവയ്ക്കൽ -പനയറയ്ക്കൽ റോഡിന്റെ വലതുഭാഗത്തായിട്ടാണ് ഒരു ലോറിയിലധികം വരുന്ന ഇറച്ചിക്കോഴിയുടെ അവശിഷ്ടങ്ങൾ നിക്ഷേപിച്ചത്.

സർക്കാർ - സ്വകാര്യ സ്കൂളുകളും നിരവധി വീടുകളും ഉൾപ്പെടുന്ന പ്രദേശത്താണ് മാലിന്യങ്ങൾ നിക്ഷേപിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ലോറിയിൽ മാലിന്യം തള്ളിയതെന്നാണ് നാട്ടുകാർ പറയുന്നത്.ദുർഗന്ധം വമിക്കുന്നതിനാൽ വഴിനടക്കാനാകാത്ത അവസ്ഥയാണ്. ഇറച്ചി വേസ്റ്റിനായി തെരുവ് നായ്ക്കൾ കടിപിടികൂടുന്നത് ഇരുചക്ര വാഹനങ്ങൾക്കും ഭീഷണിയായി. ആരോഗ്യ വകുപ്പ് അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തിൽ കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.