തിരുവനന്തപുരം : നഗരമദ്ധ്യത്തിലെ പാളയം മാർക്കറ്റിൽ നിന്നു ദിവസങ്ങൾ പഴക്കമുള്ള പുഴുവരിച്ച മത്സ്യങ്ങൾ പിടിച്ചെടുത്തു. ഇന്നലെ നഗരസഭ ഹെൽത്ത് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത 150 കിലോ മത്സ്യങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചത്. തടിച്ചു വീർത്ത് ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു മത്സ്യങ്ങൾ. എന്നാൽ പരിശോധനയ്ക്കിടെ കച്ചവടക്കാർ ഉദ്യോഗസ്ഥരോട് തട്ടിക്കയറി. ഇരുവിഭാഗവും തമ്മിൽ വാക്കേറ്റവുമുണ്ടായി. തുടർന്ന് പൊലീസ് സാന്നിദ്ധ്യത്തിലാണ് പരിശോധന തുടർന്നത്.
പൊതുജനങ്ങളിൽ നിന്ന് ലഭിച്ച പരാതികളെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്, ഫിഷറീസ് വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പരിശോധന നടത്തിയത്. പഴകിയ മത്സ്യങ്ങൾ അതിവേഗം പരിശോധിച്ച് കണ്ടെത്തുന്നതിനുള്ള സ്ട്രിപ്പിന്റെ സഹായത്തോടെ ഫിഷറീസ് ഇൻസ്‌പെക്ടർ പരിശോധിച്ച് ഉപയോഗ യോഗ്യമല്ലെന്ന് കണ്ടെത്തിയ മത്സ്യങ്ങളാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ സാമ്പിളെടുത്ത ശേഷം നശിപ്പിച്ചത്. നഗരസഭാ പരിധിയിലെ എല്ലാ മാർക്കറ്റുകളിലും വരുംദിവസങ്ങളിൽ പരിശോധന നടത്തുമെന്ന് മേയർ വി.കെ.പ്രശാന്ത് അറിയിച്ചു.
പാളയം ഹെൽത്ത് ഇൻസ്‌പെക്ടർ ജി.മനോജിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ഹരീഷ്‌കുമാർ .എം, വിനോദ്.ആർ, ഭക്ഷ്യ സുരക്ഷാ ഓഫീസർമാരായ വി.എസ്. ഇന്ദു, ജോൺ വിജയകുമാർ, പൂജാ രവീന്ദ്രൻ ഫിഷറീസ് ഇൻസ്‌പെക്ടർ ദിലീപ് കുമാർ, ആരോഗ്യ വകുപ്പ് ടെക്നിക്കൽ അസിസ്റ്റൻഡ് അഭയൻ എന്നിവർ പങ്കെടുത്തു.
പ്രതിഷേധം വകയ്ക്കാതെ പരിശോധന
നല്ല മത്സ്യങ്ങളും പിടിച്ചെടുക്കുന്നുവെന്ന് ആരോപിച്ച് കച്ചവടക്കാർ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരോട് തട്ടിക്കയറി. പരിശോധന തടസപ്പെടുത്താനും ശ്രമിച്ചു. ഇതോടെ ഉദ്യോഗസ്ഥരും കച്ചവടക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. സ്ഥിതിഗതികൾ വഷളാകുമെന്ന് ഉറപ്പായതോടെ പൊലീസിനെ വിവരം അറിയിച്ചു. ഉടൻ പൊലീസ് സ്ഥലത്തെത്തി. പൊലീസ് സാന്നിദ്ധ്യത്തിൽ കൃത്യമായി സാമ്പിളുകൾ ശേഖരിച്ച് ഉദ്യോഗസ്ഥർ പഴകിയ മത്സ്യങ്ങൾ പിടിച്ചെടുക്കുകയായിരുന്നു. രാവിലെ 8.30ന് തുടങ്ങിയ പരിശോധന 10.30നാണ് അവസാനിച്ചത്.