തിരുവനന്തപുരം: 2019ലെ എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി കോഴ്‌സുകളിലേക്കുള്ള രണ്ടാം ഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റും എം.ബി.ബി.എസ്, ബി.ഡി.എസ്, അഗ്രികൾച്ചർ, വെറ്ററിനറി, ഫിഷറീസ്, ഫോറസ്ട്രി കോഴ്‌സുകളിലേക്കുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റും പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഫലം ലഭ്യമാണ്. സ്വകാര്യ സ്വാശ്രയ എൻജിനിയറിംഗ്, ആർക്കിടെക്ചർ കോളേജുകളിലെ കമ്മ്യൂണിറ്റി, രജിസ്‌ട്രേഡ് സൊസൈറ്റി, ട്രസ്റ്റ് ക്വാട്ടയിലേക്ക് മാറ്റിവച്ചിട്ടുള്ള സീറ്റുകളിലേക്കും സഹകരണ വകുപ്പിനു കീഴിലുള്ള സ്വാശ്രയ എൻജിനിയറിംഗ് കോളേജുകളിലെ (CAPE) ആശ്രിതരുടെ മക്കൾക്കായി മാറ്റിവച്ചിട്ടുള്ള സീറ്റുകളിലേക്കും സ്വാശ്രയ മെഡിക്കൽ, ദന്തൽ കോളേജുകളിലെ എൻ.ആർ.ഐ ക്വാട്ട സീറ്റുകളിലേക്കും അലോട്ട്‌മെന്റ് നടത്തിയിട്ടുണ്ട്.
അലോട്ട്‌മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥികളുടെ ഹോം പേജിൽ ലഭ്യമാണ്. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ ജൂലായ് 12 വൈകിട്ട് 3 വരെ ഓൺലൈൻ പേയ്‌മെന്റ് വഴിയോ ഹെഡ് പോസ്റ്റ് ഓഫീസ് വഴിയോ ഫീസ് അടച്ച് പ്രവേശനം നേടണം.
എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി കോഴ്‌സുകളിലേക്കുള്ള മൂന്നാം ഘട്ട അലോട്ട്‌മെന്റ് നടപടിക്രമങ്ങൾ 12 ന് ആരംഭിക്കും. അലോട്ട്‌മെന്റ് 17 ന് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റിനു മുമ്പായി ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തുന്നതിനും പുതിയ കോഴ്‌സുകളോ കോളേജുകളോ ഉൾപ്പെടുത്തുന്ന പക്ഷം അവയിലേക്ക് ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനുമുള്ള സൗകര്യം ഉണ്ടായിരിക്കും. മൂന്നാം ഘട്ടത്തേത് സ്വകാര്യ സ്വാശ്രയ എൻജിനിയറിംഗ്, ആർക്കിടെക്ചർ കോളേജുകളിലേക്കുള്ള അവസാന അലോട്ട്‌മെന്റ് ആയിരിക്കുമെന്ന് പ്രവേശന പരീക്ഷാ കമ്മിഷണർ അറിയിച്ചു. ഹെൽപ്പ് ലൈൻ നമ്പർ: 0471- 2339101, 2339102.