കണ്ണൂർ: കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് കാലത്ത് സി.പി.എമ്മിന് എതിരാളികളില്ലാതെ ചർച്ചകളിൽ നിറഞ്ഞ ആന്തൂർ നഗരസഭയിൽ യു.ഡി.എഫ് ചുവടുറപ്പിക്കുന്നു. പാർട്ടി ഗ്രാമമായ ആന്തൂരിൽ നേരത്തെ ഇതരപാർട്ടികൾക്കൊന്നും പ്രവർത്തന സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്ന പരാതിയായിരുന്നു. എന്നാൽ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുണ്ടാക്കിയ വിവാദപ്പെരുമഴ പ്രതിപക്ഷമില്ലാതെ സി.പി.എം ഭരിക്കുന്ന ആന്തൂർ നഗരസഭയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണുണ്ടാക്കിയത്.
ഈ അവസരം പരമാവധി മുതലെടുക്കാനാണ് യു.ഡി.എഫ് നേതൃത്വവും ഇറങ്ങിയിരിക്കുന്നത്. ആന്തൂർ നഗരസഭയിലേക്ക് പ്രതിപക്ഷ യുവസംഘടനകൾ നടത്തിയ മാർച്ചുകൾ ഉൾപ്പെടെയുള്ള സമരങ്ങൾ ഇതിന്റെ ഉദാഹരണങ്ങളായി. ആന്തൂർ പ്രദേശങ്ങളിൽ പ്രവർത്തിക്കുക എന്നത് കോൺഗ്രസിന് സങ്കൽപ്പിക്കാൻപോലും കഴിയാത്ത കാര്യമായിരുന്നെങ്കിൽ സി.പി.എം പാർട്ടി ഗ്രാമങ്ങളിലൂടെ പദയാത്ര നടത്താൻ ഒരുങ്ങുകയാണിപ്പോൾ കോൺഗ്രസ്.
12 മുതൽ രണ്ടുദിവസം ഡി.സി.സി അദ്ധ്യക്ഷൻ സതീശൻ പാച്ചേനിയുടെ നേതൃത്വത്തിലാണ് പദയാത്ര.
നഗരസഭയ്ക്കകത്ത് കോൺഗ്രസും മുസ്ലിം ലീഗും പ്രവർത്തനം സജീവമാക്കുകയാണ്. സി.പി.എം അനുഭാവിയായ പ്രവാസി വ്യാവസായി പാറയിൽ സാജന്റെ ആത്മഹത്യ സി.പി.എം പ്രവർത്തകരിലും പ്രാദേശിക നേതൃത്വത്തിലും വലിയ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ടെന്ന് മനസിലാക്കിയാണ് യു.ഡി.എഫിന്റെ ഈ നീക്കം. നഗരസഭ അദ്ധ്യക്ഷ പി.കെ ശ്യാമളയ്ക്കെതിരായ വികാരം ഉപയോഗപ്പെടുത്തി വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുകയാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. സാജന്റെ ആത്മഹത്യക്ക് കാരണക്കാരായ ശ്യാമളക്കും നഗരസഭാ ജീവനക്കാർക്കുമെതിരെ നരഹത്യക്ക് കേസെടുക്കണം എന്നാണ് പദയാത്രയിൽ കോൺഗ്രസ് ഉയർത്തുന്ന മുദ്രാവാക്യം. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ തുടങ്ങിയവർ പങ്കെടുക്കും.