നെയ്യാറ്റിൻകര: ടൗൺ നിവാസികൾക്കും സമീപത്തെ മുഴുവൻ പഞ്ചായത്തുകളിലും ഇനി കുടിവെള്ളം മുടങ്ങില്ല. ഇതായിരുന്നു കാളിപ്പാറ പദ്ധതി ആരംഭിച്ചപ്പോൾ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം. എന്നാൽ കാലമിത്രയും കഴിഞ്ഞിട്ടും കാളിപ്പാറ പദ്ധതി ഇപ്പോഴും മുട്ടേലിഴയുകയാണ്. പൈപ്പ് ലൈനിലെ പൊട്ടലും ചീറ്റലും ഇപ്പോഴും തുടരുകയാണ്. നെയ്യാർ ജല സംഭരണിയിൽ നിന്നും വലിയ സിമന്റ് കുഴലുകളിലൂടെ നെയ്യാറ്റിൻകര താലൂക്കിൽ ഉടനീളം ശുദ്ധജലമെത്തിക്കുകയായിരുന്നു പദ്ധതികൊണ്ട് ഉദ്ദേശിച്ചത്. എന്നാൽ വെള്ളത്തിന്റെ പ്രഷർ താങ്ങാൻ കഴിയാത്ത പൈപ്പ് പൊട്ടുന്നതും കുടിവെള്ളം റോഡ് നീളെ ഒഴുകി ശുദ്ധജല വിതരണം മുടങ്ങുന്നതും ഇവിടെ പതിവാണ്. നെയ്യാറ്റിൻകര ആശുപത്രി ജംഗ്ഷന് സമീപം കാളിപ്പാറ പദ്ധതിയുടെ വലിയ പൈപ്പ് പൊട്ടി റോഡ് വെള്ളക്കെട്ടിലായതാണ് അവസാനത്തെ സംഭവം. റോഡിൽ വെള്ളക്കെട്ടായതോടെ വാഹനഗതാഗതവും താറുമാറായി. തൊഴുക്കലിലെ ടാങ്കിൽ നിന്നും ടൗണിലേക്ക് പോകുന്ന പൈപ്പാണ് പൊട്ടുന്നത്. ആലുംമൂട്, ടി.ബി. ജംഗ്ഷൻ, റെയിൽവേസ്റ്റേഷൻ, കാട്ടാക്കട റോഡുകൾ എല്ലാം വെള്ളത്തിനടിയിലാകും. ജല അതോറിട്ടി വിഭാഗം ഉദ്യോഗസ്ഥരെത്തി പൊട്ടിയ പൈപ്പിന്റെ വാൽവ് അടച്ചതിന്ശേഷം മാത്രമേ വെള്ളത്തിന്റെ കുത്തൊഴുക്ക് നിലയ്ക്കുകയുള്ളു.

നെയ്യാർ ജലസംഭരണിയിൽ നിന്നും കാളിപ്പാറ പദ്ധതിക്കായി ജലം ശേഖരിക്കാൻ തുടങ്ങിയപ്പോഴേ എതിർപ്പുകളും ഒപ്പമെത്തി. കാർഷികാവശ്യത്തിനായി 1957ൽ കമ്മീഷൻ ചെയ്ത നെയ്യാർ ജലസംഭരണിയിൽ നിന്നും കുടിവെള്ളത്തിനായി ജലം എടുക്കുന്നതാണ് എതിർപ്പിന് വഴിവെച്ചത്. ഈ എതിർപ്പുകളെ വകവെച്ചാണ് പദ്ധതി തുടങ്ങിയത്. പിന്നീട് നെയ്യാറ്റിൻകര റെയിൽവേ ലെവൽ ക്രോസിന് അടിയിലൂടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും ലഭിച്ചില്ല. ഇതോടെ കുഴിച്ചിട്ട പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിച്ചാണ് പദ്ധതി പുനരുജ്ജീവിപ്പിച്ചത്.