general

ബാലരാമപുരം: വിവിധ വകുപ്പുകളുടെ ഫണ്ട് ചെലവഴിച്ച് ശുചീകരണപ്രവർത്തനങ്ങൾ നടത്തിയിട്ടും കൊടിനട ജംഗ്ഷനിലെ മാലിന്യ പ്രശ്നത്തിന് ശാപമോക്ഷമില്ലെന്ന് പരാതി. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നാഷണൽ റൂറൽ ഹെൽത്ത് മിഷൻ,​ ശുചിത്വമിഷൻ,​ പഞ്ചായത്ത് എന്നിവയെല്ലാം പലവിധ പദ്ധതികളുമായി രംഗത്തെത്തിയെങ്കിലും ഒന്നും വിജയത്തിലെത്തിയില്ലെന്ന് ആക്ഷേപമുയർന്നിരിക്കുകയാണ്. പള്ളിച്ചൽ,​ ബാലരാമപുരം പഞ്ചായത്തുകളുടെ അതിർത്തിയായ കൊടിനട ജംഗ്ഷനിൽ ഓടവഴി ഡ്രെയിനേജ് വെള്ളം ഒഴുക്കിവിടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് കച്ചവടക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നത്. ദേശീയപാതയിലെ കൊടിനടയിൽ ടാർ ഇളകി കുഴികൾ രൂപപ്പെട്ടതുകാരണം മലിനജലം കെട്ടിനിൽക്കുകയാണ്. അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസ്, ലോറി എന്നിവയുൾപ്പെടെ ആയിരക്കണക്കിന് വാഹനങ്ങളാണ് ദിവസവും ഈ വഴി കടന്നുപോകുന്നത്. വാഹനങ്ങൾ കടന്നു പോകുമ്പോൾ മലിനജലം വഴിയാത്രക്കാരുടെ ദേഹത്ത് തെറിക്കുന്നത് പതിവാണ്. പൊട്ടിപ്പൊളിഞ്ഞ ഭാഗം താത്കാലികമായി ടാർ ഇടുന്നതിനുള്ള ഒരു നടപടിയും ഇതേവരെ ഉണ്ടായിട്ടില്ല. മലിനജലം ഒഴുക്കി വിടുന്നവർക്കെതിരെ ബാലരാമപുരം,​ പള്ളിച്ചൽ പഞ്ചായത്തധികൃതരോ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോ​ പൊതുമരാമത്ത് അധികൃതരോ യാതൊരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് ആരോപണം. ബാലരാമപുരത്ത് ബസ് സർവീസ് ഇല്ലാത്ത ഉപറോഡുകളിലേക്കുള്ള ടെമ്പോ - ട്രക്കർ സർവീസുകൾ കൊടിനടയിൽ നിന്നുമാണ് ആരംഭിക്കുന്നത്. ആളുകൾ നിറഞ്ഞ് വാഹനമെടുക്കുന്നതുവരെ ഡ്രെയിനേജ് വെള്ളത്തിന്റെ ദുർഗന്ധം സഹിച്ചിരിക്കേണ്ട ഗതികേടിലാണ് യാത്രക്കാർ.

ഹെൽത്ത് സ്ക്വാഡ് രൂപീകരിച്ചു

പൊതുസ്ഥലങ്ങളിലും ഓടകളിലും മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നിയമനടപടികളെടുക്കാൻ ഹെൽത്ത് സ്ക്വാഡ് രൂപീകരിച്ചതായി ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വസന്തകുമാരി അറിയിച്ചു. ബാലരാമപുരം കുടുംബക്ഷേമ ആരോഗ്യകേന്ദ്രം,​ ജനമൈത്രി പൊലീസ്,​ പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സ്ക്വാഡിന് രൂപം നൽകിയിരിക്കുന്നത്. രാത്രികാലങ്ങളിലും പ്രവർത്തിക്കുന്ന ഹെൽത്ത് സ്ക്വാഡ് പിഴശിക്ഷയുൾപ്പെടെയുള്ള നടപടി സ്വീകരിക്കും. വാർഡ് തലത്തിൽ ഹെൽത്ത് സ്ക്വാഡിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നടപടിയായിട്ടുണ്ട്.

ഫ്രാബ്സിന്റെ കീഴിലെ മിക്ക റസിഡന്റ്സ് അസോസിയേഷനുകളിലും സി.സി.ടിവി കാമറകൾ ഇതിനോടകം സ്ഥാപിച്ചിട്ടുണ്ടെന്നും കാമറയില്ലാത്ത അസോസിയേഷൻ പരിധിയിലെ പ്രധാന ജംഗ്ഷനുകളിൽ എത്രയും വേഗം അവ സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്നും ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ,​ ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ് എന്നിവർ അറിയിച്ചു.