ജനത്തെ കൂടുതൽ ബുദ്ധിമുട്ടിക്കരുതെന്ന് വിചാരമുള്ളതുകൊണ്ടാണ് വൈദ്യുതി നിരക്ക് വർദ്ധന ഇപ്പോഴത്തെ തോതിൽ മതിയെന്നു വച്ചതെന്നാണ് റഗുലേറ്ററി കമ്മിഷൻ ഒരു നാണവുമില്ലാതെ പറഞ്ഞുവച്ചത്. മുമ്പൊരിക്കലുമുണ്ടാകാത്ത തരത്തിൽ ഒറ്റയടിക്ക് വൈദ്യുതിനിരക്കും മറ്റ് അനുബന്ധ നിരക്കുകളും കൂട്ടി ഒരു വർഷം 900 കോടി രൂപ അധികമായി പിരിച്ചെടുക്കാനുള്ള ഉത്തരവിനൊപ്പമാണ് ഈ അവകാശവാദമെന്ന് ഓർക്കണം. ഉപയോഗിക്കുന്ന വൈദ്യുതിക്ക് മാത്രമല്ല ഉപഭോക്താവ് വില നൽകേണ്ടി വരുന്നത്. മനുഷ്യന് മനസിലാകാത്ത മറ്റ് എന്തിനൊക്കെയോകൂടി വില നൽകേണ്ടിവരുന്നു. സ്വന്തം പണം മുടക്കി വാങ്ങിവച്ച മീറ്ററാണെങ്കിലും അതിനും മാസവാടക നൽകാൻ ഉപഭോക്താവ് നിർബന്ധിതനാണ്. ഫിക്സഡ് ചാർജ് എന്ന പേരിലുമുണ്ട് മറ്റൊരു കൊള്ള. വൈദ്യുതി ഉപയോഗിക്കുന്നവർക്കുള്ള പിഴശിക്ഷയാണത്. അതിലുമുണ്ട് ഇപ്പോൾ കാര്യമായ വർദ്ധന. ഗാർഹിക ഉപഭോക്താക്കൾ സ്ലാബടിസ്ഥാനത്തിൽ 18 രൂപ മുതൽ 254 രൂപവരെ അധികം നൽകേണ്ടിവരും. ഇതിനൊപ്പമാണ് മറ്റ് നിരക്കുകളിലുണ്ടാകുന്ന അധിക ഭാരവും. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ബി.പി.എൽകാരെയും കാൻസർ രോഗികളെയും വികലാംഗരെയും എൻഡോസൾഫാൻ ദുരിതബാധിതരെയും മറ്റും നിരക്കു വർദ്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നാണ് പറയുന്നത്. എന്നാൽ ഈ വിഭാഗത്തിൽപെടുന്ന എത്ര കുടുംബങ്ങൾ വരും? കുടിലുകളിൽ പോലും വൈദ്യുതി ഉപകരണങ്ങളില്ലാത്ത ഏതെങ്കിലും വീടു കാണുമോ? നാല്പത് യൂണിറ്റിൽ ഒതുങ്ങുന്നതാണോ അവരുടെ വൈദ്യുതി ആവശ്യങ്ങൾ? ജനങ്ങൾക്ക് നന്മചെയ്യണമെന്ന് യഥാർത്ഥമായി ആഗ്രഹമുണ്ടെങ്കിൽ കാലാനുസൃതമായി ചിന്തിക്കുകയാണ് വേണ്ടത്.
എല്ലാരംഗത്തും നിരക്കുവർദ്ധന സർവസാധാരണമായിരിക്കെ വൈദ്യുതിബോർഡും നിരക്ക് പരിഷ്കരിക്കാൻ നിർബന്ധിതരാണ് എന്ന വാദം പൂർണമായും തള്ളിക്കളയാനാവില്ല. എന്നാൽ ധൂർത്തും പാഴ്ച്ചെലവുകളും കുറയ്ക്കാനോ ജീവനക്കാരുടെ കാര്യക്ഷമത വർദ്ധിപ്പിച്ച് ശമ്പളഭാരം കുറയ്ക്കാനോ നടപടിയൊന്നും എടുക്കാതെ രണ്ടുവർഷത്തിലൊരിക്കൽ വിവേചനരഹിതമായി ചാർജ് വർദ്ധിപ്പിക്കുക എന്ന എളുപ്പമാർഗമാണ് ബോർഡ് തേടുന്നത്. ഈ വിഷയത്തിൽ റഗുലേറ്ററി കമ്മിഷൻ എന്ന വെള്ളാന ബോർഡിന് സകലവിധ ഒത്താശയും നൽകുന്നുമുണ്ട്. നിരക്കുവർദ്ധന ആവശ്യം ഉയരുമ്പോഴെല്ലാം ബോർഡും കമ്മിഷനും നടത്തിവരാറുള്ള ചക്കളത്തിപോരാട്ടം ജനങ്ങൾക്ക് പരിചിതമായികഴിഞ്ഞു. അട്ടിമറിക്കൂലിപോലെ വലിയൊരു വർദ്ധനയാകും ബോർഡ്ആവശ്യപ്പെടുക. ചർച്ചകൾക്കൊടുവിൽ ബോർഡിന് തൃപ്തികരമായ വിധം ഒരു നിരക്ക് വർദ്ധനയ്ക്ക് അംഗീകാരം ലഭിക്കും. ഓരോ തവണ നിരക്ക് വർദ്ധിക്കുമ്പോഴും വർദ്ധനയിലൂടെ ലഭിക്കുമെന്നു പ്രതീക്ഷിക്കുന്ന വരുമാനത്തിന്റെ എത്രയോ ഇരട്ടിയാകും ബോർഡിന് കുടിശ്ശികയിനത്തിൽ ബാക്കി നിൽക്കുന്നത്. ഇപ്പോൾ നിരക്ക് കൂട്ടിയപ്പോഴുമുണ്ട് പിരിഞ്ഞുകിട്ടാനായി രണ്ടായിരത്തിലേറെ കോടി രൂപ. ഇതിന്റെ പകുതിയെങ്കിലും പിരിച്ചെടുത്താൽ മതി, ദുർവഹമായ ഇപ്പോഴത്തെ നിരക്ക് വർദ്ധനയിൽ നിന്ന് ഉപഭോക്താക്കളെ ഒഴിവാക്കാൻ. ഗാർഹിക ഉപഭോക്താക്കളിൽ ഒരാൾപോലും കുടിശ്ശികക്കാരുടെ പട്ടികയിൽ കാണുമെന്ന് തോന്നുന്നില്ല. സർക്കാർ സ്ഥാപനങ്ങളും പൊതുമേഖലാസ്ഥാപനങ്ങളും വൻകിട വ്യവസായികളുമാണ് കുടിശ്ശികക്കാരുടെ ലിസ്റ്റിൽ മുൻപന്തിയിലുള്ളത്. ഗാർഹിക ഉപഭോക്താവ് ബില്ലടയ്ക്കുന്നതിൽ വീഴ്ചവരുത്തിയാൽ തൽക്ഷണം വൈദ്യുതിബന്ധം വിച്ഛേദിക്കും. വൻകിടക്കാർക്ക് ആ പേടി വേണ്ട. വെള്ളക്കരം അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കുമെന്ന് സദാ ഭീഷണി മുഴക്കാറുള്ള വാട്ടർ അതോറിട്ടിയാണ് കറന്റ് ചാർജ്ജ് കുടിശ്ശികക്കാരിൽ ഏറ്റവും മുന്നിലുള്ളതത്രെ.
വൈദ്യുതി നിരക്ക് വർദ്ധനയിൽ നിന്ന് അപൂർവം ചില വിഭാഗങ്ങളെ മാത്രമേ ഒഴിവാക്കിയിട്ടുള്ളു. വർദ്ധന എത്ര ചെറുതാണെങ്കിലും അതിന്റെ പ്രത്യാഘാതം സർവമേഖലകളെയും ബാധിക്കുമെന്നതാണ് എടുത്തുപറയേണ്ട കാര്യം. ഇന്ധനവില നേരിയതോതിൽ കൂടിയാലും വിപണിയിൽ അത് പ്രതിഫലിക്കാറുള്ളതുപോലെ തന്നെയാണ് വൈദ്യുതിയുടെ കാര്യത്തിലും സംഭവിക്കാൻ പോകുന്നത്. പൊടിപ്പു മില്ലുകൾ തൊട്ട് സിനിമാശാലകളിൽ വരെ നിരക്കുവർദ്ധനയുടെ ആഘാതം അനുഭവപ്പെടും.
യൂണിറ്റിന് പത്തുപൈസ മാത്രം ഉത്പാദനചെലവ് വരുന്ന ജലവൈദ്യുത പദ്ധതികളുടെ സമൃദ്ധിയിൽ കഴിഞ്ഞുവന്ന കേരളം കാലാനുസൃതമായി പുതിയ ഉത്പാദന സ്രോതസുകളിലേക്ക് മാറാൻ മടിച്ചതാണ് അമിത വില നൽകി വൈദ്യുതി ഇറക്കുമതി ചെയ്യേണ്ട ഗതികേടിലെത്താൻ കാരണം. സ്വന്തം ഉത്പാദന നിലയങ്ങളിൽ നിന്ന് ആവശ്യത്തിന്റെ വെറും പതിനഞ്ച് ശതമാനം വൈദ്യുതിയേ ലഭിക്കുന്നുള്ളൂ. മഴ ചതിച്ചാൽ അതും പ്രതിസന്ധിയിലാകും. കൂടിയവിലയ്ക്ക് പുറത്തുനിന്നു വൈദ്യുതി വാങ്ങി വിതരണം ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന നഷ്ടം നികത്താൻ വേണ്ടിയാണ് പലപ്പോഴും നിരക്ക് വർദ്ധന വേണ്ടിവരുന്നത്. പാരമ്പര്യേതര സ്രോതസുകൾ പ്രയോജനപ്പെടുത്തുന്നതിലും വലിയ അമാന്തമാണ് കാണുന്നത്. ഊർജ്ജത്തിന്റെ അമൂല്യസ്രോതസായ സൗരോർജ്ജം വൻതോതിൽ പ്രയോജനപ്പെടുത്താവുന്നതാണ്. കേന്ദ്രപൂളിൽ നിന്ന് അർഹതപ്പെട്ട വിഹിതം എത്തിക്കാൻ മതിയായ പ്രസരണ ലൈനുകൾ ഇല്ലാത്തതും സംസ്ഥാന വൈദ്യുതി ബോർഡിന്റെ പരാധീനതകളിലൊന്നാണ്. പതിറ്റാണ്ടായി നിർമ്മാണം നടക്കുന്നതല്ലാതെ പൂർത്തിയാക്കാൻ കഴിയുന്നില്ല. രാജ്യം നടപ്പുവർഷം തന്നെ ഒറ്റ വൈദ്യുതി ഗ്രിഡ് എന്ന ആശയത്തിലേക്ക് നടന്നെത്തുകയാണ്. അതിന്റെ പേരിലും ഇവിടെ മുറുമുറുപ്പും സമരാഹ്വാനവുമെല്ലാം തുടങ്ങിക്കഴിഞ്ഞു. ഒറ്റ ഗ്രിഡിൽ ചേർന്നാൽ സംസ്ഥാനത്തിന് എന്തോ വലിയ ആപത്ത് വരാൻ പോകുന്നുവെന്ന മട്ടിലാണ് ഓരിയിടൽ. സ്വയം നന്നാകുകയുമില്ല, നന്നാക്കാൻ സമ്മതിക്കുകയുമില്ല എന്ന ഈ അവസ്ഥ തുടരുന്നിടത്തോളം കാലം വൈദ്യുതിക്ക് അധികനിരക്ക് നൽകാൻ ഉപഭോക്താക്കൾ നിർബന്ധിതരാകുമെന്നു തീർച്ച.