electricity-bill

തിരുവനന്തപുരം: പെട്രോൾ വില വർദ്ധനയ്ക്കു പിറകെ വൈദ്യുതി ചാർജും കൂട്ടിയതോടെ സാധാരണക്കാരന്റെ പ്രതിമാസ ബഡ്‌ജറ്റ് താളം തെറ്റും. ദിവസവരുമാനക്കാരും തുച്ഛമായ മാസവരുമാനക്കാരും പെടാപ്പാടുപെടും.

ഗാർഹിക ഉപഭോക്താക്കൾക്കാണ് കൂടുതൽ ഭാരം വരുന്നത്. വീട്ടിലെ കറണ്ട് ബില്ലിന്റെ ആഘാതം മാത്രമല്ല, ചാർജ് വർദ്ധന മൂലം മറ്റ് സാധന, സേവന വില വർദ്ധനയുടെ ഭാരവും പേറണം.

11.4 ശതമാനമാണ് യൂണിറ്റ് നിരക്കിൽ കൂട്ടിയതെന്ന് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ഒഴുക്കൻ മട്ടിൽ പറയുന്നുണ്ടെങ്കിലും മറ്റൊരു ചതി ഒളിപ്പിച്ചിട്ടുണ്ട് - ഫിക്സഡ് ചാർജ് വർദ്ധന. 400% ശതമാനം വരെയാണ് ഫിക്സഡ് ചാർജിന്റെ വർദ്ധന. എല്ലാ താരിഫ് റേറ്റിലും സിംഗിൾ ഫേസിന് 30 രൂപയായിരുന്നത് 150 രൂപവരെയാക്കിയത് ഒരു ന്യായീകരണവും പറയാതെയാണ്.

യൂണിറ്റ് നിരക്കും വർദ്ധിപ്പിച്ച നിരക്കും വാർത്താസമ്മേളനത്തിൽ റഗുലേറ്ററി കമ്മിഷൻ അവതരിപ്പിച്ച കണക്കും പൊരുത്തക്കേടു നിറഞ്ഞതാണ്. തിങ്കളാഴ്ച തന്നെ വർദ്ധന നിലവിൽ വരുത്തുകയും ചെയ്തു. വൈദ്യുതി നിരക്കിൽ ജി.എസ്.ടി ഇല്ലെന്നാണ് വയ്പ്. എങ്കിലും മിക്കവാറും ബില്ലുകളിൽ ജി.എസ്.ടി കൂടി ഈടാക്കാറുണ്ട്.മാസം 105 യൂണിറ്റ് ഉപയോഗിക്കുന്ന ഒരാളുടെ അവസാനത്തെ ബില്ലും വരാൻ പോകുന്ന ബില്ലും (ഉപഭോഗം അനുസരിച്ച് ഏറ്റക്കുറച്ചിലുകൾ വരാം)