child-rights-commission

തിരുവനന്തപുരം: മഴക്കാലത്ത് കേന്ദ്രീയ വിദ്യാലയങ്ങളിൽ യൂണിഫോമിന്റെ ഭാഗമായി ഷൂസും സോക്‌സും ധരിക്കുന്നത് നിർബന്ധമാക്കരുതെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മി​ഷൻ നിർദ്ദേശിച്ചു. നനഞ്ഞ സോക്‌സും ഷൂസും ധരിച്ച് രാവിലെ മുതൽ ക്ലാസിൽ ഇരിക്കുന്നത് കുട്ടികൾക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നുള്ള നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് യൂണിഫോം നിഷ്‌കർഷിക്കാമെങ്കിലും അത് കുട്ടിയുടെ ഉത്തമതാത്പര്യമോ ബാലാവകാശ നിയമങ്ങളോ ലംഘിക്കുന്നതാവരുതെന്ന് ചെയർമാൻ പി. സുരേഷ്, അംഗം കെ. നസീർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിലയിരുത്തി.

വർഷകാലത്ത് യൂണിഫോമിന്റെ ഭാഗമായി ഷൂസും സോക്‌സും ധരിക്കാൻ നിർബന്ധിക്കരുതെന്നും കാലാവസ്ഥയ്ക്ക് അനുയോജ്യമായ ചെരുപ്പോ മറ്റോ അണിഞ്ഞാൽ മതിയെന്നും ബാലാവകാശ കമ്മീഷൻ നേരത്തെ ശുപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും കേന്ദ്രീയ വിദ്യാലയങ്ങളുടെ കാര്യം പ്രത്യേകം പരാമർശിച്ചിരുന്നില്ല. എന്നാൽ, കുട്ടികളുടെ അവകാശലംഘനവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ അത്തരം ബാലാവകാശ ലംഘനങ്ങൾ കേന്ദ്രീയ വിദ്യാലയങ്ങളിലും അനുവദിക്കാനാകില്ലെന്ന് കമ്മി​ഷൻ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ മഴക്കാലത്ത് ഷൂസും സോക്‌സും ധരിക്കാൻ കുട്ടികളെ നിർബന്ധിക്കുന്നതിൽ നിന്ന് വിലക്കാൻ സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രിൻസിപ്പൽമാർക്ക് നിർദ്ദേശം നൽകണമെന്ന് കേന്ദ്രീയ വിദ്യാലയ സംഘതനോട് കമ്മി​ഷൻ ആവശ്യപ്പെട്ടു.