തിരുവനന്തപുരം: ക്ഷീര വികസനവും തീറ്റപുൽകൃഷിയും പ്രോത്സാഹിപ്പിക്കുന്നതിനായി മുട്ടത്തറയിലെ തീറ്റപ്പുൽ കൃഷിത്തോട്ടത്തിനോട് ചേർന്ന് തീറ്റപ്പുൽ മ്യൂസിയം ഒരുക്കി ക്ഷീര വകുപ്പ്. പതിനെട്ട് ഏക്കറിൽ പരന്ന് കിടക്കുന്ന തീറ്റപ്പുൽ കൃഷിയിടത്തിനോട് ചേർന്നാണ് അൻപതോടെ വ്യത്യസ്ത ഇനങ്ങളിലുള്ള പുല്ലുകൾ നട്ടുപിടിച്ച് മ്യൂസിയം ഒരുക്കിയിരിക്കുന്നത്. സമീപത്തായി ആരംഭിച്ച പുൽകൃഷി പരിശീലന കേന്ദ്രത്തിലെത്തുന്നവർക്ക് പരിചയപ്പെടുത്താനായാണ് ഈ പുത്തൻ സംരംഭം.
പുൽകൃഷി പരിശീലനം
പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന്
സ്റ്റേറ്റ് ഫോഡർ ഫാമിന്റെ നേതൃത്വത്തിൽ നടത്തുന്ന തീറ്റപ്പുൽ കൃഷി പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4ന് മന്ത്രി കെ.രാജു നിർവഹിക്കും. വി.എസ്.ശിവകുമാർ എം.എൽ.എ അദ്ധ്യക്ഷനാകും. ക്ഷീരവികസന വകുപ്പ് ഡയറക്ടർ എസ്.ശ്രീകുമാർ, മേയർ വി.കെ.പ്രശാന്ത് തുടങ്ങിയവർ പങ്കെടുക്കും.
മുട്ടത്തറയിലെ പുൽകൃഷിക്ക് നല്ലകാലം
പുത്തൻപരിശീലന കേന്ദ്രം കൂടി എത്തുന്നതോടെ മുട്ടത്തറ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന് സമീപത്തെ പുൽകൃഷിപാടത്തിന് നല്ലകാലം വന്നിരിക്കുകയാണ്. പ്ലാന്റിലെ മലിനജലം ശുദ്ധീകരിച്ചശേഷം ബാക്കി വരുന്ന ഖരമാലിന്യവും ജലവും ഉപയോഗപ്പെടുത്തിയാണ് പുൽകൃഷി നടത്തുന്നത്. ദിവസം ആറ് ടൺ മുതൽ എട്ട് ടൺ വരെ പുല്ല് തോട്ടത്തിന് സമീപം സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറിൽ നിന്ന് വില്പന നടത്തുന്നുണ്ട്.