കിളിമാനൂർ: പൊതുമരാമത്ത് എൻജിനിയർമാർ നിലവിൽ അഴിമതി രഹിതരും, ഉത്സാഹികളുമാണെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. കിളിമാനൂർ പഞ്ചായത്തിലെ വിവിധ റോഡുകളുടെ നിർമ്മാണ ഉദ്ഘാടനവും, പൂർത്തികരിച്ച റോഡിന്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. മുൻകാലങ്ങളെ അപേക്ഷിച്ച് പൊതുമരാമത്ത് വകുപ്പ് ഊർജസ്വലമായന്നും, ആത്മാർത്ഥതയോടെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ റോഡ് കൈയേറിയ വ്യക്തികൾ അങ്ങിങ്ങ് മർദിക്കുന്ന സംഭവങ്ങൾ കണ്ടുവരുന്നെന്നും അത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദേഹം പറഞ്ഞു. പഞ്ചായത്തിലെ തകരപ്പറമ്പ്-തട്ടത്തു മല, പാപ്പാല - പാങ്ങൽ തടം, കൈലാസം കുന്ന്- വട്ടപ്പാറ റോഡുകളുടെ നിർമ്മാണ ഉദ്ഘാടനവും, പുതിയകാവ് - തകരപ്പറമ്പ് റോഡിന്റെ ഉദ്ഘാടനവുമാണ് മന്ത്രി നിർവഹിച്ചത്. ബി. സത്യൻ എം.എൽ.എ അദ്ധ്യക്ഷനായ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ്, പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി അമ്മാൾ, വൈസ് പ്രസിഡന്റ് എ. ദേവദാസ് എന്നിവർ പങ്കെടുത്തു.