നെടുമങ്ങാട് : കെ.എസ്.ആർ.ടി.സി ബസിടിച്ച് മരിച്ച പേരയം സ്വദേശി ചന്ദ്രന്റെ കുടുംബത്തിന് സാമ്പത്തിക സഹായം അനുവദിക്കാത്തതിൽ പ്രതിക്ഷേധിച്ച് നെടുമങ്ങാട് ട്രാൻസ്‌പോർട്ട് ഡി.ടി.ഒയെ ഉപരോധിച്ചു. ജില്ലാപഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആനാട് ജയന്റെ നേതൃത്വത്തിലായിരുന്നു ഉപരോധം. മകനുമൊത്ത് പുത്തൻപാലത്തെ പച്ചക്കറി കടയുടെ മുന്നിൽ നിൽക്കവേ, നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചാണ് ചന്ദ്രൻ മരിച്ചത്. മകൻ ആരോമലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചന്ദ്രന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാനും തിരികെ വീട്ടിൽ എത്തിക്കാനും ആംബുലൻസ് ആവശ്യപ്പെട്ടെങ്കിലും കെ.എസ്.ആർ.ടി.സി അനുവദിച്ചില്ല. കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായം അനുവദിക്കാനോ, ഉന്നത ഉദ്യോഗസ്ഥർ ചന്ദ്രന്റെ കുടുംബത്തെ സന്ദർശിക്കാനോ തയ്യാറല്ല. ചന്ദ്രന്റെ വിധവയ്ക്ക് കെ.എസ്.ആർ.ടി.സി ജോലി കൊടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. നടപടി ഉണ്ടായില്ലെങ്കിൽ ബസ് തടയൽ അടക്കമുള്ള ശക്തമായ സമരത്തിന് നേതൃത്വം കൊടുക്കുമെന്ന് ആനാട് ജയൻ അറിയിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി.എസ്. ബാജിലാൽ, കോൺഗ്രസ് നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എസ്. അരുൺകുമാർ, ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ആർ. അജയകുമാർ, രാജ്കുമാർ, കെ.എസ്.യു ജില്ലാ പ്രസിഡന്റ് സെയ്ദലി കായ്പ്പാടി, നഗരസഭ പാർലമെന്ററി പാർട്ടി ലീഡർ ടി. അർജുനൻ, യൂത്ത്കോൺഗ്രസ് പാർലമെന്റ് കമ്മിറ്റി സെക്രട്ടറി ഹാഷിം റഷീദ്, പുത്തൻപാലം ഷഹീദ്, പേരയം സിഗ്നി, പേരയം സുജിത്ത്, പേരയം സുരേഷ്, പേരയംസുധ, വേട്ടംപള്ളി സനൽ, വഞ്ചുവം അമീർ, ആർ.ആർ. രാജേഷ്, ബിനു പ്രശാന്ത് എന്നിവർ നേതൃത്വം നൽകി.